സല്‍മാന്‍ ഖാനെതിരെ കോടതി വളപ്പില്‍ വധഭീഷണി മുഴക്കി ഗുണ്ടാ തലവന്‍

ജോധ്പൂര്‍ :പ്രശസ്ത ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണിയുമായി ഗുണ്ടാ നേതാവ്. രാജസ്ഥാനിലെ ജോധ്പൂരിലുള്ള കുപ്രസിദ്ധ ഗുണ്ടാ തലവനായ ലോറന്‍സ് ബിഷ്‌ണോയിയാണ് നടനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയത്. ശനിയാഴ്ച ഒരു തീവ്രവാദ ആയുധ ഇടപാട് കേസുമായി ബന്ധപ്പെട്ട് ലോറന്‍സിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.തിരിച്ച് പൊലീസ് വാഹനത്തില്‍ കയറുന്നതിന് മുന്‍പായാണ് ബിഷ്‌ണോയി സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയത്. തന്നെ കള്ളക്കേസില്‍ കുടുക്കി അകത്താക്കാനാണ് പൊലീസിന്റെ ശ്രമം, യഥാര്‍ത്ഥ കുറ്റകൃത്യത്തിന് എന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസുകാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജോധ്പൂരില്‍ വെച്ച് താന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്നും അപ്പോള്‍ പിടികൂടണമെന്നും ലോറന്‍സ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കസ്തൂരി മാനിനെ വേട്ടയാടി കൊന്ന കേസില്‍ ഹാജരാകാന്‍ കഴിഞ്ഞ വ്യാഴാഴ്ച സല്‍മാന്‍ ജോധ്പൂരിലെ കോടതിയില്‍ എത്തിയിരുന്നു. ജോധ്പൂരിലെ പല സമുദായംഗങ്ങള്‍ക്കിടയിലെ യുവാക്കളില്‍ ഈ കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ഖാനോട് വിരോധമുണ്ട്. ഈ വിരോധം മുതലെടുത്ത് യുവാക്കളെ കൂടുതലായി തന്റെ സംഘത്തിലേക്ക് എത്തിക്കാനുള്ള ലോറന്‍സിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ പ്രസ്താവന എന്ന് പൊലീസ് വ്യക്തമാക്കി. രാജസ്ഥാനില്‍ കൂടാതെ പഞ്ചാബ്-ഹരിയാന എന്നീ മേഖലകളിലും നിരവധി കേസുകള്‍ ലോറന്‍സിനും സംഘത്തിനും എതിരായുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here