ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയില്‍വാസം

അമ്പലപ്പുഴ :ചെയ്യാത്ത കുറ്റത്തിന് ഒമാനിലെ ജയിലില്‍ 20 വര്‍ഷം കഴിച്ച് കൂട്ടിയ മലയാളികള്‍ ഒടുവില്‍ മോചിതരായി നാട്ടില്‍ തിരിച്ചെത്തി. അമ്പലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍ (40) തിരുവന്തപുരം സ്വദേശി ഷാജഹാന്‍(50) എന്നിവരാണ് 20 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയത്.

ഒമാന്‍ രാജാവിന്റെ പ്രത്യേക അനുമതിയോട് കൂടിയാണ് ഇവരുടെ ജയില്‍ മോചനം സാധ്യമായത്. ഇവരോടൊപ്പം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുഹൃത്തായ മാധവന്‍ രണ്ട് വര്‍ഷം മുന്‍പ് ശാരീരിക അസ്യാസ്ഥകളെ തുടര്‍ന്ന് ശിക്ഷയില്‍ ഇളവ് ലഭിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.

അമ്പലപ്പുഴ സ്വദേശി ഹബീബ് തയ്യിലാണ് ഇവരുടെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 20 വര്‍ഷങ്ങള്‍ക്ക മുന്‍പ് നാലു പാക്കിസ്ഥാനികള്‍ ചേര്‍ന്ന് ഒമാനില്‍ നടത്തിയ ഒരു ബാങ്ക് കവര്‍ച്ച കേസിലാണ് ഇവര്‍ പിടിയിലാകുന്നത്.ഇവരുടെ സ്ഥാപനത്തിന് സമീപത്തെ ഒരു കടയില്‍ ജോലി ചെയ്തു വന്നവരായിരുന്നു കവര്‍ച്ച നടത്തിയ പാക്കിസ്ഥാനികള്‍. താമസിക്കുന്ന മുറിയുടെ താക്കോല്‍ നഷ്ടപ്പെട്ടതെന്ന് പറഞ്ഞ് ഇവരെ സമീപിച്ച പാക്കിസ്ഥാനികള്‍ക്ക് ഗ്യാസ് കട്ടര്‍ നല്‍കിയതാണ് ഇവര്‍ക്ക് വിനയായത്.

മതിയായ രേഖകളില്ലാതെ നല്‍കിയ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാക്കിസ്ഥാനികള്‍ ബാങ്ക് കവര്‍ച്ച് നടത്തി. ഇതിനിടയില്‍ രണ്ട് സുരക്ഷാ ജീവനക്കാരേയും ഇവര്‍ കൊലപ്പെടുത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നിരപരാധികളായ ഈ മൂന്ന് മലയാളികളും പിടിയിലാവുകയായിരുന്നു.

കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 24 ാം വയസ്സിലാണ് സന്തോഷ് ചെയ്യാത്ത കുറ്റത്തിന് ജയില്‍ അറയ്ക്കുള്ളിലെത്തപ്പെടുന്നത്. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടിനിടയില്‍ നാട്ടില്‍ സന്തോഷിന്റെ അമ്മയും സഹോദരനും മരണമടഞ്ഞു.

മകനെ കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മാതാവ് 11 വര്‍ഷത്തോളം കിടപ്പിലായിരുന്നു. തന്റെ നാലു മക്കളുടെയും വിവാഹം നടക്കുമ്പോഴും ഷാജഹാന്‍ ചെയ്യാത്ത കുറ്റത്തിന് ജയിലിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here