എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറികിടക്കുന്ന സദാചാര ഭീതിയാണ് സ്വരാജിന്റെ പോസ്റ്റ്; വിമര്‍ശനവുമായി ശാരദക്കുട്ടി

കൊച്ചി: മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനേയും തന്നേയും ചേര്‍ത്ത് മോശമായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്ക് പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണക്കുറിപ്പില്‍ സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന മെയില്‍ ഷോവനിസം ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഇടതുപക്ഷ സഖാക്കള്‍ ഇപ്പോളും സദാചാര പൊലീസുകാരെ ഭയപ്പെട്ടും യാഥാസ്ഥിതിക കുടുംബ ബോധവും ഉള്ളില്‍ വച്ചുമാണ് ജീവിക്കുന്നത് എന്നാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുoബ വ്യവഹാരത്തിനകത്ത് മെയില്‍ ഷോവനിസം ഒരുറച്ച യാഥാര്‍ഥ്യമായിത്തന്നെ നില്‍ക്കുകയാണ് – ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ പോസ്റ്റ്:

സഖാവ് M സ്വരാജ് എഴുതിയ fb പോസ്റ്റ് വായിച്ചു.

സ്‌നേഹിതയായ ഷാനി പ്രഭാകരന് നല്‍കിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ. ഷാനി ആ ആദരവ് അര്‍ഹിക്കുന്ന വ്യക്തിയാണ്. അതിനെ അങ്ങേയറ്റം ആദരിക്കുന്നു. എന്റെ’ സുഹൃത്ത് എന്നാല്‍ ‘ഞാന്‍’ തന്നെ. അത്രമാത്രം പരസ്പരപൂരകമാണത്. അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാര്‍ഥമായ ആദരവും മാത്രം..

എന്നാല്‍ ലൈംഗികതയെ ആയുധമാക്കി സദാചാരപരമായി ആക്രമിക്കാന്‍ വരുന്നവരെ നേരിടുമ്പോള്‍, നമ്മുടെ ഇടതുപക്ഷ സഖാക്കള്‍ ഈ അര്‍ഥങ്ങള്‍ മറന്നു പോകുന്നതെങ്ങനെ? ഉള്ളിലെ യാഥാസ്ഥിതിക കുടുംബബോധവും ഭീതികളും എത്ര പരിഹാസ്യമായാണ് വെളിപ്പെട്ടു പോകുന്നത്. AkG വിഷയത്തില്‍ ബല്‍റാമിനെ നേരിടുമ്പോള്‍ സഖാക്കള്‍ നടത്തിയ ന്യായീകരണവാദത്തിലും ഇത് ഞാന്‍ സൂചിപ്പിച്ചതാണ്.

fb പോസ്റ്റില്‍ ‘ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്‌ളാറ്റ്’ എന്ന വരിയില്‍ സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്. അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭര്‍ത്താവും ഭര്‍ത്താവിന് ഭാര്യയും പരസ്പരം കാവല്‍ നില്‍ക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നത്. ആ ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണ്. ഭാര്യയില്ലാത്തപ്പോഴും, ഭര്‍ത്താവില്ലാത്തപ്പോഴും സ്‌നേഹിതയെ/ സ്‌നേഹിതനെ ഫ്‌ളാറ്റിലേക്ക് വിളിക്കാനും സല്‍ക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം കൊടുക്കാനും നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്? സഖാവ് എന്നത് വലിയ വാക്കാണ്. വലിയ ഒരര്‍ഥമുള്ള വാക്ക്. മനസിന്റെയുള്‍പ്പെടെ എല്ലാ വാതിലുകളും നിര്‍ഭയരായി, മലര്‍ക്കെ തുറന്നു കൊടുക്കുന്നവരാണ് സഖാക്കള്‍. അതറിയാതെ മൂലധനം വായിച്ചിട്ട് എന്തു കാര്യം?

ഏതൊരു സാധാരണ മലയാളിയേയുംകാള്‍ അല്‍പ്പം പിന്നിലാണ് ഈ വിഷയത്തില്‍ ഇടതുപക്ഷ ആണ്‍/പെണ്‍ സഖാക്കള്‍ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുoബ വ്യവഹാരത്തിനകത്ത് മെയില്‍ ഷോവനിസം ഒരുറച്ച യാഥാര്‍ഥ്യമായിത്തന്നെ നില്‍ക്കുകയാണ്. ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാന്‍ അവര്‍ക്കെന്താണ് കഴിയാതെ പോകുന്നത്?

അവള്‍ / അവന്‍ ഞാന്‍ തന്നെ എന്നു പറയാന്‍ ധൈര്യപ്പെടുന്ന സഖാക്കള്‍ ഉണ്ടാവണം.

ഒരു റൂമിക്കഥ. സഖാക്കള്‍ വായിക്കണം

‘ആരാണ്?’
അയാള്‍ പറഞ്ഞു,’ഞാനാണ്’
‘നമുക്ക് രണ്ടു പേര്‍ക്ക് ഈ മുറിയില്‍ ഇടമില്ല’ അവള്‍ പറഞ്ഞു
വാതിലടഞ്ഞു. ഒരു വര്‍ഷത്തെ ഏകാന്ത വാസത്തിനും വിയോഗത്തിനും ശേഷം അയാള്‍ വീണ്ടും വന്ന് വാതിലില്‍ മുട്ടി
അവള്‍ ചോദിച്ചു
‘ആരാണ്?’
അയാള്‍ പറഞ്ഞു
‘ഇത് നീയാണ്’
അയാള്‍ക്കു വേണ്ടി വാതില്‍ തുറക്കപ്പെട്ടു.

സഖാവ് M സ്വരാജ് എഴുതിയ fb പോസ്റ്റ് വായിച്ചു. സ്നേഹിതയായ ഷാനി പ്രഭാകരനു നൽകിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ…

Saradakutty Bharathikuttyさんの投稿 2018年1月28日(日)

LEAVE A REPLY

Please enter your comment!
Please enter your name here