വനിതകള്‍ക്ക് ഇനി ഗൈഡുമാരാകാം

റിയാദ് : സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ ടൂറിസ്റ്റ് ഗൈഡുകളായും ജോലി ചെയ്യാം. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ബാദര്‍ അല്‍ ഒബൈദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൈഡുമാരാകാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്തുത വകുപ്പില്‍ നിന്ന് ഇതിനായി ലൈസന്‍സ് നേടേണ്ടതുണ്ട്.

വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിഷന്‍ 2030 ന്റെ ഭാഗമായി ടൂറിസം രംഗത്തിന്റെ വളര്‍ച്ച മുന്നില്‍ക്കണ്ടാണ് നടപടി. ഇതിന്റെ ഭാഗമായി 8000 യുവാക്കള്‍ക്ക് ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്.

400 പേരെ പ്രത്യേക സ്‌കോളര്‍ഷിപ്പോടെ വിദേശത്ത് അയച്ച് പരിശീലിപ്പിച്ചിട്ടുമുണ്ട്. നേരത്തേ പുരുഷന്‍മാര്‍ക്ക് മാത്രം തൊഴിലെടുക്കാവുന്ന മേഖലകളില്‍ ഒന്നായിരുന്നു ഗൈഡിങ്. എന്നാല്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സൗദി നടപ്പാക്കുന്ന പരിഷ്‌കാര നടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സൗദി മുന്‍ നിയമങ്ങളിലും നിലപാടുകളിലും സമഗ്രമായ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

സ്ത്രീകള്‍ക്ക് സൈനിക പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, വിവിധ വകുപ്പുകളില്‍ നിയമനം, പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാനുള്ള അവകാശം എന്നിവ സൗദി ഭരണകൂടം ഇക്കഴിഞ്ഞ നാളുകളിലായി വനിതാ സമൂഹത്തിന് കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്.

കൂടാതെ പതിറ്റാണ്ടുകള്‍ നീണ്ട നിരോധനം നീക്കി തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. അടുത്തമാസം ചരിത്രത്തിലാദ്യമായി സൗദി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here