സൗദിയില്‍ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാം

റിയാദ് : സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഇനിമുതല്‍ സൈന്യത്തിന്റെ ഭാഗമാകാം. ചരിത്രത്തിലാദ്യമായാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അവസരമൊരുങ്ങുന്നത്. വരുന്ന വ്യാഴാഴ്ചവരെ സ്ത്രീകള്‍ക്ക് ഇതിനായി അപേക്ഷിക്കാം.

25 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് നിയമനം നല്‍കുക. ഹൈസ്‌കൂള്‍ ഡിപ്ലോമയാണ് സൈന്യത്തില്‍ ചേരാന്‍ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. സ്ത്രീകള്‍ക്ക് നിയമനം നല്‍കുമെങ്കിലും ഇപ്പോള്‍ യുദ്ധസമാനമായ സാഹചര്യങ്ങളുള്ള സ്ഥലങ്ങളില്‍ വിന്യസിക്കില്ല.

അതേസമയം വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയുമുള്‍പ്പെടെ 12 നിബന്ധനകള്‍ക്ക് അനുസൃതമായാണ് ജോലിയില്‍ പ്രവേശിപ്പിക്കുക. ഏത് മേഖലയിലെ തസ്തികയിലേക്കാണോ നിയമനം നല്‍കുന്നത്, ഈ പ്രദേശത്ത് ഉദ്യോഗാര്‍ത്ഥിയുടെ അടുത്ത പുരുഷബന്ധുവിന് വീടുണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.

അതായത് ഭര്‍ത്താവിനോ അച്ഛനോ സഹോദരനോ ഈ മേഖലയില്‍ താമസകേന്ദ്രമുണ്ടായിരിക്കണം. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സൗദി നടപ്പാക്കുന്ന പരിഷ്‌കാര നടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് വനിതകളുടെ സൈന്യ പ്രവേശം.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സൗദി മുന്‍ നിയമങ്ങളിലും നിലപാടുകളിലും സമഗ്രമായ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, വിവിധ വകുപ്പുകളില്‍ നിയമനം, പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാനുള്ള അവകാശം എന്നിവ സൗദി ഭരണകൂടം ഇക്കഴിഞ്ഞ നാളുകളിലായി വനിതാ സമൂഹത്തിന് കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്.

കൂടാതെ പതിറ്റാണ്ടുകള്‍ നീണ്ട നിരോധനം നീക്കി തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. അടുത്തമാസം ചരിത്രത്തിലാദ്യമായി സൗദി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here