അപാകതയ്ക്ക് മാപ്പുപറഞ്ഞ് സൗദി അറേബ്യ

റിയാദ് : ചരിത്രത്തിലാദ്യമായാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം സൗദിയില്‍ റസ്ലിങ് കാണാന്‍ അവസരമൊരുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മത്സരം. സ്ത്രീകളെയും കുട്ടികളെയും അവരുടെ രക്ഷിതാക്കളോടൊപ്പം മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ അനുവദിക്കുകയായിരുന്നു.

എല്ലാകാര്യങ്ങളിലും മതചിട്ടകളും നിയന്ത്രണങ്ങളും തുടര്‍ന്നുവരുന്ന സൗദി റസ്ലിങ് സംഘടിപ്പിച്ചപ്പോള്‍ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്. എന്നാല്‍ മത്സരത്തിനിടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളുടെ പേരില്‍ മാപ്പുപറയേണ്ടി വന്നിരിക്കുകയാണ് സൗദി സ്‌പോര്‍ട്‌സ്‌ അതോറിറ്റി.

അല്‍പ്പവസ്ത്രധാരികളായ സ്ത്രീകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതാണ് പുലിവാലായത്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സ്‌പോര്‍ട്‌സ് അതോറിറ്റി വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചത്. സംഭവം ഇങ്ങനെ. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലായിരുന്നു റസ്ലിങ് മത്സരം. വന്‍ പ്രേക്ഷക പങ്കാളിത്തമാണ് മത്സരത്തിനുണ്ടായിരുന്നത്.

എന്നാല്‍ മത്സരത്തിന്റെ ഇടവേളയില്‍ വനിതാ റസ്ലിങ് താരങ്ങള്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഡബ്ല്യൂഡബ്ല്യൂഇ ഇനി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ പരസ്യമായിരുന്നു അത്. എന്നാല്‍ പരസ്യത്തില്‍ വനിതാ താരങ്ങള്‍ അല്‍പ്പവസ്ത്രത്തിലായിരുന്നു. കാണികള്‍ ഒരു നിമിഷം സ്തംഭിച്ചു.

കൂടാതെ ഇതിന്റെ തത്സമയ സംപ്രേഷണം സൗദിയുടെ ഔദ്യോഗിക ടെലിവിഷനില്‍ നടന്നുകൊണ്ടിരിക്കുകയുമായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ സംഘാടകര്‍ ഉടന്‍ തന്നെ സ്‌ക്രീന്‍ ഓഫ് ചെയ്താണ് പ്രശ്‌നം പരിഹരിച്ചത്. പക്ഷേ ഇതിനകം ചിലര്‍ ഇത് മൊബൈലില്‍ പകര്‍ത്തിയിരുന്നു.

ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഈ സാഹചര്യത്തിലാണ് മാപ്പ് പറയാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി നിര്‍ബന്ധിതമായത്. ഡബ്ല്യൂഡബ്ല്യൂഇ റസ്ലിങ്ങില്‍ വനിതാ മത്സങ്ങളുമുണ്ടെങ്കിലും സൗദിയില്‍ ഇത് ഒഴിവാക്കിയിരുന്നു. അതിനിടെയാണ് സ്‌ക്രീനില്‍ ഇത്തരത്തില്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്.

മത്സരത്തില്‍ അണിനിരക്കുമ്പോള്‍ ധരിക്കുന്ന വേഷത്തിലാണ് താരങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ചുമാത്രമേ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാവൂ എന്നാണ് സൗദി നിയമം.

നേരത്തേ അബായ നിര്‍ബന്ധമായിരുന്നെങ്കില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്ത്രീ ശരീരം പരസ്യപ്പെടുത്തുന്ന തരത്തിലുള്ള ഒരു നടപടിയും സൗദി അംഗീകരിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here