35 വര്‍ഷമായി സൗദി അറേബ്യയില്‍ ഈ വിനോദ ഉപാധിക്കുണ്ടായിരുന്ന നിരോധനം നീക്കി

സൗദി അറേബ്യ: സിനിമ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയതോടെ സൗദിയില്‍ ചെറു ചിത്രങ്ങള്‍ കാണിച്ചുതുടങ്ങി. താല്‍ക്കാലികമായി തയ്യാറാക്കിയ തിയേറ്ററില്‍ കഴിഞ്ഞദിവസം കുട്ടികള്‍ക്കുള്ള ആനിമേഷന്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. 35 വര്‍ഷത്തെ നിരോധനത്തിന് ശേഷമാണ് സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ജെദ്ദയിലെ സാംസ്‌കാരിക നിലയത്തില്‍ പ്രത്യേക പ്രൊജക്ടര്‍ ഉപയോഗിച്ചാണ് കുട്ടികള്‍ക്കുള്ള ചിത്രത്തിന്റെ പ്രദര്‍ശനം അരങ്ങേറിയത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെട്ട കാണികള്‍ക്ക് അത് നവ്യാനുഭവമായി. മാര്‍ച്ച് മാസത്തോടെ രാജ്യത്ത് സ്ഥിരം തിയേറ്റര്‍ നിലവില്‍ വരും.സാമൂഹ്യ രംഗത്ത് വിപ്ലവകരമായ നീക്കങ്ങളാണ് കുറച്ചിടെയായി സൗദി ഭരണകൂടം സ്വീകരിച്ചുവരുന്നത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. 1982 ലാണ് സൗദിയില്‍ ചലച്ചിത്രത്തിന് നിരോധനം വരുന്നത്. മതപരമായ ചിട്ടകള്‍ അനുശാസിക്കുന്നതിന്റെ ഭാഗമായാണ് ഭരണകൂടം ഇത്തരത്തില്‍ തീരുമാനമെടുത്തത്. കൂടാതെ ഒരേ വേദിയില്‍ സ്ത്രീകളും പുരുഷന്‍മാരും ഇടപഴകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗവുമായിരുന്നു വിലക്ക്.എന്നാല്‍ 32 കാരനായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ചരിത്രം തിരുത്തുന്ന ശ്രദ്ധേയ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സിനിമാ വിലക്ക് നീങ്ങിയത്. പൊതു വിനോദ ഉപാധികള്‍ ആസ്വദിക്കണമെങ്കില്‍ രാജ്യത്തെ പൗരന്‍മാര്‍ ബഹറിനിലോ യുഎഇയിലോ മറ്റോ പോകേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.അതിനാല്‍ നിരോധനം നീക്കിയത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പേലെ അനുഗ്രഹമാണ്. 2030 ഓടെ 300 തിയേറ്ററുകള്‍ ആരംഭിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. ഇതോടെ രണ്ടായിരത്തോളം സ്‌ക്രീനില്‍ സിനിമാ പ്രദര്‍ശനമുണ്ടാകും. ഇതോടെ 30,000 സ്ഥിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സൗദി വിലയിരുത്തുന്നു.

സൗദി അറേബ്യ ചിത്രങ്ങളിലൂടെ…

LEAVE A REPLY

Please enter your comment!
Please enter your name here