തലവെട്ടുന്നതില്‍ നിന്ന് സൗദി പിന്നോക്കം പോകുമോ ?

റിയാദ് : കൊലപാതകം ഒഴികെയുള്ള കുറ്റങ്ങളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്ന തരത്തിലേക്ക് നിയമം മാറ്റാന്‍ ആലോചനയുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കഴിഞ്ഞയിടെ പ്രസ്താവിച്ചിരുന്നു.

അമേരിക്കന്‍ സന്ദര്‍ശന കാലയളവില്‍ ടൈം മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രസ്താവന.ഇക്കാര്യം സാധ്യമാകുമോയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

4 മാസത്തിനിടെ സൗദി അറേബ്യ 48 വധശിക്ഷകളാണ് നടപ്പാക്കിയത്. ഇതില്‍ പകുതിയും അക്രമരഹിത കുറ്റകൃത്യങ്ങളുടെ പേരിലാണെന്ന വിമര്‍ശനവുമായി അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമന്‍ വാച്ച് രംഗത്തെത്തിയിരുന്നു.

സൗദി ഭരണകൂടത്തിന്റേത് കുപ്രസിദ്ധമായ ക്രിമിനല്‍ നീതി നിര്‍വഹണമാണെന്നാണ് സമിതി നിരീക്ഷിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന രാജ്യമാണ് സൗദി.

ഇസ്ലാമിക് നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് വധശിക്ഷ നടപ്പാക്കുന്നത്. പ്രധാനമായും ഭീകരവാദം, കൊലപാതകം, ബലാത്സംഗം, ആയുധമുപയോഗിച്ചുള്ള കൊള്ള മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കാണ് വധശിക്ഷ നല്‍കുന്നത്.

കുറ്റവാളികളെന്ന് കണ്ടെത്തി തലവെട്ടി കൊല്ലുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രസ്തുത കേസുകളില്‍ നടക്കുന്ന വിചാരണയിലെ നീതി നിര്‍വഹണത്തെക്കുറിച്ചാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആശങ്ക രേഖപ്പെടുത്തുന്നത്.

കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനാണ് വധശിക്ഷയെന്നാണ് സൗദി ഭരണകൂടത്തിന്റെ പക്ഷം. എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും അത്രമേല്‍ ക്രൂരമായ കുറ്റകൃത്യം നടത്താത്തവരാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു.

2014 നിപ്പുറം സൗദി 600 വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 150 പേരുടെ തലവെട്ടി. ഇതില്‍ മയക്കുമരുന്ന് സംബന്ധമായ കേസുകള്‍ നിരവധിയുണ്ട്.

ഇത്തരം കേസുകളില്‍ സുതാര്യമായ വിചാരണ വേണമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. സൗദിയില്‍ സര്‍വതല സ്പര്‍ശിയായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരുന്ന മുഹമ്മദ്ബിന്‍ സല്‍മാന്‍ വധശിക്ഷയുടെ കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നാണ് അറിയേണ്ടത്.

ക്രസമാധാന പാലന രംഗത്തും നിതി നിര്‍വഹണ രംഗത്തും രാജ്യം ശ്രദ്ധേയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുകയാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നാസര്‍ അല്‍ ഷഹ്‌റാനി വ്യക്തമാക്കിയിട്ടുണ്ട്.

ആറ് കാര്യങ്ങളിലൂന്നി നൂറിലേറെ നടപടികള്‍ നിര്‍ദേശിക്കുന്ന പ്രത്യേക മനുഷ്യാവകാശ നയം രൂപപ്പെടുത്തി വരികയാണെന്നും അദ്ദേഹം ജനീവയില്‍ അറിയിച്ചു. എന്നാല്‍ വധശിക്ഷ സംബന്ധിച്ച് അദ്ദേഹം പ്രത്യേക പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല.

ആഗോള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അതിക്രൂരമല്ലാത്ത കുറ്റങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതില്‍ സൗദി ഇളവ് വരുത്തുമോയെന്നാണ് ഇനിയറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here