സൗദി വധശിക്ഷകള്‍ക്കെതിരെ രൂക്ഷവിമര്‍ശം

റിയാദ് : 4 മാസത്തിനിടെ സൗദി നടപ്പാക്കിയത് 48 വധശിക്ഷകള്‍. എന്നാല്‍ ഇതില്‍ പകുതിയും അക്രമരഹിത കുറ്റകൃത്യങ്ങളുടെ പേരിലാണെന്ന വിമര്‍ശനവുമായി അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമന്‍ വാച്ച് രംഗത്തെത്തി.

സൗദി ഭരണകൂടത്തിന്റേത് കുപ്രസിദ്ധമായ ക്രിമിനല്‍ നീതി നിര്‍വഹണമാണെന്ന് സമിതി നിരീക്ഷിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന രാജ്യമാണ് സൗദി.

പ്രധാനമായും ഭീകരവാദം, കൊലപാതകം, ബലാത്സംഗം, ആയുധമുപയോഗിച്ചുള്ള കൊള്ള മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കാണ് വധശിക്ഷ നല്‍കുന്നത്. കുറ്റവാളികളെന്ന് കണ്ടെത്തി തലവെട്ടി കൊല്ലുകയാണ് ചെയ്യുന്നത്.

എന്നാല്‍ പ്രസ്തുത കേസുകളില്‍ നടക്കുന്ന വിചാരണയിലെ നീതി നിര്‍വഹണത്തെക്കു
റിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആശങ്ക രേഖപ്പെടുത്തു. ഇസ്ലാമിക് നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് വധശിക്ഷ നടപ്പാക്കുന്നത്.

കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനാണ് വധശിക്ഷയെന്നാണ് സൗദി ഭരണകൂടത്തിന്റെ പക്ഷം. എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും അത്രമേല്‍ ക്രൂരമായ കുറ്റകൃത്യം നടത്താത്തവരാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടുന്നു.

2014 നിപ്പുറം സൗദി 600 വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 150 പേരുടെ തലവെട്ടി. ഇതില്‍ മയക്കുമരുന്ന് സംബന്ധമായ കേസുകള്‍ നിരവധിയുണ്ട്. ഇത്തരം കേസുകളില്‍ സുതാര്യമായ വിചാരണ വേണമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

അതേസമയം കൊലപാതകം ഒഴികെയുള്ള കുറ്റങ്ങളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്ന തരത്തിലേക്ക് നിയമം മാറ്റാന്‍ ആലോചനയുണ്ടെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കഴിഞ്ഞയിടെ പ്രസ്താവിച്ചിരുന്നു. ഇത് സാധ്യമാകുമോയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here