സൗദി പുറത്താക്കിയത് 17,000 പേരെ

റിയാദ് : നാലുമാസത്തിനിടെ സൗദി പുറത്താക്കിയത് യെമനില്‍ നിന്നുള്ള പതിനേഴായിരം കുടിയേറ്റക്കാരെ. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

യെമനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വന്‍തുക പിഴയിടുകയും തടവിന് വിധിക്കുകയും തിരിച്ചയയ്ക്കുകയുമാണ് സൗദി ഭരണകൂടം ചെയ്യുന്നത്. യെമനിലെ യുദ്ധത്തില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ സൗദിയിലേക്ക് കുടിയേറി മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ പിടിയിലായവരാണിവര്‍.

ഇതില്‍ പതിനേഴായിരത്തോളം പേരെ ജനുവരി മുതല്‍ ഈ സമയം വരെയുള്ള കാലയളവില്‍ തിരിച്ചയച്ചിട്ടുണ്ട്. ഇതിനെതിരെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി രംഗത്തെത്തി.

യെമന്‍ സൗദിക്കുനേരെ ആക്രമണം നടത്തുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സൗദി കുടിയേറ്റക്കാരെ അവിടേക്ക് തന്നെ കയറ്റിയയ്ക്കുന്നത്. യെമന് നേരെ സൗദി ആക്രമണം നടത്തിവരുന്നു.

അവിടേക്കുതന്നെ കുടിയേറ്റക്കാരെ തിരിച്ചയച്ച് യുദ്ധമുഖത്തേക്ക് ഇവരെ തള്ളിവിടുകയാണ് സൗദിയെന്ന് സംഘടന പറയുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സൗദിയിലേക്ക് യെമനില്‍ നിന്ന് കുടിയേറുന്നത്.

ഇവരില്‍ ആഫ്രിക്കക്കാര്‍ ഏറെയുണ്ട്. അവരെ യെമനിലേക്ക് തന്നെ തിരിച്ചയയ്ക്കുകയാണോ വേണ്ടതെന്ന് സൗദി ചിന്തിക്കേണ്ടതുണ്ട്. എത്യോപ്യ സൊമാലിയ എറിട്രിയ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് സൗദിയില്‍ പിടിക്കപ്പെട്ട് യെമനിലേക്ക് തിരിച്ചയയ്ക്കപ്പെട്ടത്.

ഇവര്‍ ഇപ്പോള്‍ യുദ്ധമുഖത്ത് കുടുങ്ങിയിരിക്കുകയാണ്. 2900 പേരെ സംഘടന ഇടപെട്ട് കഴിഞ്ഞവര്‍ഷം സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ശേഷിക്കുന്നവരെ രക്ഷപ്പെടുത്തുന്നതില്‍ ഇപ്പോഴും പ്രതിസന്ധി നിലനില്‍ക്കുകയാണ്.

458 പേരെയാണ് അടിയന്തരമായി ആഫ്രിക്കയിലേക്ക് തിരിച്ചയയ്ക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. പക്ഷേ സംഘടന അവരുമായി സനയില്‍ നിന്ന് ഹുദായദായിലേക്ക് ബസില്‍ പുറപ്പെട്ടാല്‍ സൗദി സഖ്യസേന ആക്രമണം നടത്താന്‍ ഇടയുണ്ട്.

ആക്രമണം ഉണ്ടാകില്ലെന്ന് സഖ്യസേന ഉറപ്പുനല്‍കണം. കൂടാതെ സംഘടനയുടെ കപ്പലുകള്‍ക്ക് ഹുദായദാ തുറമുഖത്ത് സുരക്ഷിതമായി എത്താനും ഇവരുമായി തിരികെ പോകാനുള്ള സാഹചര്യവും സൗദി സഖ്യസേന ഒരുക്കിത്തരേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here