തടവിലുള്ള രാജകുമാരന്‍മാരില്‍ നിന്ന് സൗദി ഈടാക്കുന്ന കോടികള്‍ എത്രയെന്നറിഞ്ഞാല്‍ അമ്പരക്കും

സൗദി അറേബ്യ : അഴിമതി വിരുദ്ധ നടപടിയെ തുടര്‍ന്ന് അറസ്റ്റിലായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന രാജകുമാരന്‍മാരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുമായി 100 ബില്യണ്‍ ഡോളര്‍ പിഴയടപ്പിക്കാന്‍ സൗദി ഭരണകൂടം.ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് ആറര ലക്ഷം കോടിയിലേറെ (6364500000000.00) രൂപ വരും ഇത്. പിഴയടച്ചാല്‍ തടവില്‍ നിന്ന് മോചിപ്പിക്കാമെന്നാണ് സൗദി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധി.റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനിലാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് നിരവധി പേര്‍ ഇതിനകം വന്‍തുകയുടെ പിഴയടച്ച് മോചിതരായിട്ടുണ്ട്.ആകെയുള്ളവരില്‍ 90 പേരെ ഇത്തരത്തില്‍ വിട്ടയച്ചതായി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മൊജെബ് വ്യക്തമാക്കി. എന്നാല്‍ 95 പേര്‍ ഇനിയും തടവിലുണ്ട്. ഇവരുമായുള്ള സര്‍ക്കാരിന്റെ വിലപേശല്‍ തുടരുകയാണ്.കഴിഞ്ഞ കാലങ്ങളില്‍ അഴിമതിയിലൂടെ നേടിയെടുത്ത സമ്പത്തിന്റെ നിശ്ചിത പങ്ക് സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ സൗദി ഭരണകൂടം ഉപാധിവെയ്ക്കുകയായിരുന്നു. അതേസമയം വന്‍തുകയടയ്‌ക്കേണ്ട ചിലര്‍ അതിന് ഇനിയും വഴങ്ങിയിട്ടില്ല.ലോകസമ്പന്നരില്‍ 57 ാമനും രാജകുടുംബാംഗവുമായ അല്‍ വലീദ് ബിന്‍ തലാല്‍ ഇതുവരെയും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വഴങ്ങിയിട്ടില്ല. അല്‍ വലീദിനെ മോചിപ്പിക്കാന്‍ 6 ബില്യണ്‍ ഡോളര്‍ കെട്ടിവെയ്ക്കണമെന്നായിരുന്നു ഭരണകൂടത്തിന്റെ അറിയിപ്പ്.ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 38410 കോടി 68 ലക്ഷം വരും.സര്‍ക്കാരിന് താന്‍ സംഭാവനയായി മോശമല്ലാത്ത തുക നല്‍കാമെന്നും പക്ഷേ അത് അഴിമതി നടത്തിയതിനുള്ള പിഴയായി അംഗീകരിച്ച് സ്വീകരിക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു.അഴിമതി നടത്തിയതിന്റെ പിഴയായി 6 ബില്യണ്‍ ഡോളര്‍ അടച്ചേ മതിയാകൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആകെ 18 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഇതിന്റെ 3 ല്‍ ഒരു ഭാഗമാണ് മോചനദ്രവ്യമായി നല്‍കേണ്ടത്.തുടര്‍ന്ന് ഇദ്ദേഹത്തെ അല്‍ ഹൈര്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പിഴയടയ്ക്കാന്‍ തയ്യാറാത്തവരെ വിചാരണയ്ക്ക് വിധേയരാക്കും. കഴിഞ്ഞകാലങ്ങളിലെ അഴിമതിയിലൂടെ രാജ്യത്തിന് 100 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സൗദി അറേബ്യ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here