വനിതാ സൈക്ലിങ് മത്സരത്തിന് വേദിയായി സൗദി

ജിദ്ദ : ചരിത്രത്തിലാദ്യമായി വനിതാ സൈക്കിള്‍ ഓട്ടമത്സരത്തിന് വേദിയായി സൗദി അറേബ്യ. ജിദ്ദയില്‍ ചൊവ്വാഴ്ചയാണ് വനിതാ സൈക്ലിങ് അരങ്ങേറിയത്. വിവിധ പ്രായത്തിലുള്ള 47 വനിതകള്‍ മത്സരത്തില്‍ അണിനിരന്നു. 10 കിലോമീറ്റര്‍ ദൂരമാണ് സൈക്കിളില്‍ താണ്ടേണ്ടിയിരുന്നത്.

ബി ആക്ടീവ് എന്ന സന്നദ്ധക്കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. 47 പേരെ അണിനിരത്താനായതില്‍ ആഹ്ലാദമുണ്ടെന്ന് സംഘാടകയായ നദിമ അബു അല്‍ എനീന്‍ പറഞ്ഞു. നേരത്തേ 30 മത്സരാര്‍ത്ഥികള്‍ എന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍ നിരവധി പേര്‍ സന്നദ്ധരായി എത്തിയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം ഉയര്‍ത്തേണ്ടിവന്നു. എന്നാല്‍ പരിപാടി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ചിലര്‍ പ്രസ്തുത പരിപാടിയെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയപ്പോള്‍ മറ്റുചിലര്‍ രൂക്ഷവിമര്‍ശവുമായെത്തി. എന്തിനാണ് പൊതുസ്ഥലങ്ങളില്‍ പുരുഷന്‍മാര്‍ക്ക് മുന്‍പില്‍ സൈക്ലിങ് നടത്തി ശരീരപ്രദര്‍ശനം നടത്തുന്നതെന്ന് ചിലര്‍ ചോദ്യമുന്നയിച്ചു.

സ്വന്തം ഇടത്തില്‍ സ്വകാര്യമായി സൈക്കിളും ബൈക്കുമൊക്കെ ഓടിച്ചാല്‍ പോരേയെന്ന് ചോദിച്ചവരുമുണ്ട്. വനിതകള്‍ ഇത്തരത്തില്‍ രംഗത്തുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചിലര്‍ അഭിപ്രായപ്പെട്ടു.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദിയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് അരങ്ങേറുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയങ്ങളില്‍ പ്രവേശനം, സൈന്യത്തിലടക്കം തൊഴിലവസരം, അബായ ധരിക്കുന്നതില്‍ ഇളവ് തുടങ്ങി ശ്രദ്ധേയ പരിഷ്‌കാരങ്ങളാണ് ഇതിനകം ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here