നൃത്തം ചെയ്തവര്‍ക്കെതിരെ അന്വേഷണം

സൗദി : സൗദി അറേബ്യയില്‍ യുവാവും യുവതിയും തെരുവില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ആഭയിലെ തെരുവോരത്തെ നടപ്പാതയില്‍ പരമ്പരാഗത വേഷത്തില്‍ പുരുഷനും സ്ത്രീയും നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ടുനിന്നവരിലാരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സൗദിയില്‍ പൊതുസ്ഥലത്ത് ആണും പെണ്ണും ഇടപഴകേണ്ടത് സംബന്ധിച്ച് കര്‍ശന നിബന്ധനകളുണ്ട്. ഇവയ്ക്ക് വിരുദ്ധമായ നീക്കമാണ് നൃത്തം ചെയ്തവരില്‍ നിന്ന് ഉണ്ടായതെന്ന് വിലയിരുത്തി ആസിര്‍ പ്രവിശ്യാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ ആസിര്‍ പ്രവിശ്യാ ഗവര്‍ണര്‍ ഉത്തരവിട്ടതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  സദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ നടപടിയാണ് ഇവരില്‍ നിന്ന് ഉണ്ടായതെന്ന് സമൂഹ മാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുസ്ഥലത്ത് നൃത്തം ചെയ്ത സംഭവത്തില്‍ ഇതിന് മുന്‍പും അറസ്റ്റ് ഉണ്ടായിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് പോപ് ഗാനത്തിന് ചുവടുവെച്ച 14 കാരന്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു.

സൗദി അറേബ്യ- ചിത്രങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here