വിനോദ നഗരം പദ്ധതിയുമായി സൗദി

റിയാദ് : വിനോദരംഗത്ത് വിസ്മയ പദ്ധതിയുമായി സൗദി അറേബ്യ. വിദേശികളെയും സ്വദേശികളെയും ആകര്‍ഷിക്കാന്‍ വിനോദ നഗരം ( എന്റര്‍ടെയ്ന്‍മെന്റ് സിറ്റി ) സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് ഭരണകൂടം. റിയാദിനടുത്ത് ഖിദ്ദിയയില്‍ 207 സ്‌ക്വയര്‍ മൈല്‍ വിസ്തൃതിയിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.

വിഷന്‍ 2030 ന്റെ ഭാഗമായുള്ള പദ്ധതിക്കായി കോടികളാണ് ചെലവഴിക്കുന്നത്. എണ്ണയിതര വരുമാന മേഖലകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും ഭരണകൂടം ലക്ഷ്യമിടുന്നു.

സൗദിയുടെ പൊതു നിക്ഷേപ ഫണ്ടില്‍ നിന്നാണ് ഇതിനായി തുക നീക്കിവെയ്ക്കുന്നത്. വാള്‍ട്ട് ഡിസ്‌നി പാര്‍ക്കുകള്‍ക്ക് ശക്തമായ എതിരാളിയായിരിക്കും ഈ വിനോദനഗരമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വിലയിരുത്തുന്നു. സഫാരി ഗ്രൗണ്ടുകളും മോട്ടോര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യങ്ങളുമെല്ലാം ഇവിടെയുണ്ടാകും.

ബുധനാഴ്ച സൗദി ഭരണാധികാരി കിങ് സല്‍മാനാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്യുന്നത്. 2022 ഓടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പദ്ധതി ചിലവ് എത്രയായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

വിനോദ രംഗത്തിനും പ്രാധാന്യം നല്‍കി സൗദി ചരിത്രം തിരുത്തുകയാണ്. 35 വര്‍ഷത്തെ ഇടവേളയ്ക്ക്‌ ശേഷം രാജ്യത്ത് സിനിമാ പ്രദര്‍ശനം കഴിഞ്ഞയാഴ്ച പുനരാരംഭിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here