‘നോട്ടം പിഴച്ചാല്‍’ അകത്താകും,വന്‍തുക പിഴയും

റിയാദ് : സൗദിയില്‍ ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ മൊബൈല്‍ ഫോണില്‍ ഒളിഞ്ഞുനോക്കിയാല്‍ തടവും വന്‍തുക പിഴയും. ആന്റി സൈബര്‍ ക്രൈം നിയമം അനുസരിച്ച് പങ്കാളിക്ക് ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാം. 1,33000 ഡോളര്‍ പിഴയും നല്‍കേണ്ടിവരും.

ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 86,52754 രൂപ വരും. പങ്കാളിയുടെ ഫോണിന്റെ പാസ്‌വേഡ് സംഘടിപ്പിച്ച് രഹസ്യമായി അത് തുറന്നുനോക്കുന്നത് സൈബര്‍ കുറ്റമാണ്. അതായത് പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങള്‍ എടുക്കുന്നത് സൈബര്‍ കുറ്റമാക്കി മാറ്റിയിരിക്കുകയാണ്.

ഫോണിലെ വിവരങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേന കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ തടവും പിഴയും ഒരുമിച്ച് ലഭിക്കും. പ്രസ്തുത വിവരങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ നടത്തുന്നതും കുറ്റകരമാണെന്ന് നിയമം അനുശാസിക്കുന്നു.

സമൂഹമാധ്യമങ്ങളുടെ വ്യാപനത്തെ തുടര്‍ന്ന് സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.

സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങളുടെ സംരക്ഷണം കൂടി ഉദ്ദേശിച്ചാണ് നടപടിയെന്നും അധികൃതര്‍ അറിയിക്കുന്നു. രാജ്യത്തെ 75 ശതമാനം ആളുകളും ഏതെങ്കിലും തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here