ഖത്തര്‍ അതിര്‍ത്തിയില്‍ കനാല്‍ പദ്ധതി

ദുബായ് : ഖത്തര്‍ അതിര്‍ത്തിയില്‍ വന്‍ കനാല്‍ നിര്‍മ്മിക്കാന്‍ സൗദി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഉപദ്വീപായ ഖത്തറിനെ ഒരു തുരുത്താക്കി ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് വിവരം. സൗദിയുമായുള്ള കരയതിര്‍ത്തിയില്‍ കനാല്‍ വരുന്നതോടെ ഖത്തര്‍ ഒരു ദ്വീപായി മാറും.

2 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. 750 മില്യണ്‍ ഡോളററാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 200 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴത്തിലുമായിരിക്കും കനാല്‍.

ഇതിനോട് അനുബന്ധിച്ചുള്ള പ്രദേശത്തിന്റെ ഒരു ഭാഗത്ത് വിപുലമായ സൈനിക മേഖലയും മറ്റൊരു ഭാഗത്ത് ആണവ മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രങ്ങളും സ്ഥാപിക്കാനാണ് പദ്ധതി.യുഎഇയും ഇവിടെ ഒരു ആണവ മാലിന്യ കേന്ദ്രം സ്ഥാപിക്കുമെന്നും പറയപ്പെടുന്നു.

സീയൂസ് കനാല്‍ നിര്‍മ്മാണത്തിലും നടത്തിപ്പിലും പങ്കാളിത്തമുള്ള ഈജിപ്ഷ്യന്‍ കമ്പനികളെയാണ് കനാല്‍ നിര്‍മ്മാണത്തിനായി നിയോഗിക്കുന്നത്. സൗദി മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ പദ്ധതി സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

നിരവധി കടമ്പകളുള്ള പദ്ധതിയായതിനാല്‍ ഭരണതലത്തില്‍ നിര്‍ണ്ണായകമായ കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും സൗദി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. 10 മാസമായി തുടരുന്ന ഖത്തര്‍ ഉപരോധത്തിന്റെ, അടുത്തപടിയായുള്ള സങ്കീര്‍ണ്ണനടപടിയായിരിക്കും ഇതെന്നാണ് നയതന്ത്ര വിദ്ഗധര്‍ വിലയിരുത്തുന്നത്.

മേഖലയില്‍ ഖത്തര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിലയിരുത്തിയാണ് സൗദി, യുഎഇ, ഈജിപ്റ്റ്, ബഹറിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്.

കൂടാതെ ഇറാനുമായി ഖത്തര്‍ തുടര്‍ന്നുപോരുന്ന സൗഹൃദവും ഈ രാജ്യങ്ങളെ ചൊടിപ്പിച്ചു. എന്നാല്‍ തങ്ങളുടെ പരമാധികാരത്തെ ക്ഷയിപ്പിക്കാനാണ് ഈ രാജ്യങ്ങളുടെ ഉപരോധ നടപടിയെന്നാണ് ഖത്തറിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here