എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി

റിയാദ് : എണ്ണയുത്പാദനം വര്‍ധിപ്പിക്കാമെന്ന നിലപാടുമായി സൗദി അറേബ്യ. ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതോടെ ഇറാന്റെ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വീകാര്യത കുറയുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്‍മാറാനുള്ള അമേരിക്കന്‍ നീക്കത്തിന് സൗദി പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സഖ്യകക്ഷികളായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി എന്നിവര്‍ കരാറിനൊപ്പം നിലകൊള്ളുമെന്ന് അറിയിച്ചു. ട്രംപിന്റെ നിലപാടിനെതിരെ റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

ഇറാനുമായുള്ള ഇടപാടുകളില്‍ നിന്ന് പിന്നോക്കം പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഈ രാജ്യങ്ങള്‍ അറിയിച്ചു. ഇന്ത്യയും ചൈനയും ഇറാനില്‍ നിന്ന എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇതിന് വിരുദ്ധമായ നിലപാടെടുക്കാനിടയില്ല.

അമേരിക്ക ഇറാന്‍ ബന്ധം അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ അന്താരാഷ്ട്ര എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് സൗദി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ഗുണകരമാകുമെന്ന് സൗദി കണക്കുകൂട്ടുന്നു.

നിലവില്‍ വില വര്‍ധിപ്പിക്കാന്‍ സൗദി എണ്ണയുല്‍പ്പാദനം ഗണ്യമായി കുറച്ചിരിക്കുകയാണ്. ഈ നിലപാടാണ് തന്ത്രപരമായി തിരുത്തുന്നത്. ഇറാനുമായുള്ള ആണവ കരാര്‍ ഉറപ്പുകളില്‍ നിന്ന് പിന്‍മാറുകയാണെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പുതിയ കര്‍ശനവ്യവസ്ഥകള്‍ ഇല്ലാതെ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് ട്രംപിന്റേത്. പക്ഷേ ഈ കരാറില്‍ ഒരു ഭേദഗതിയും അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. 2015 ലാണ് അമേരിക്കയും ഇറാനും തമ്മില്‍ കരാറുണ്ടാക്കിയത്.

യുഎസ് പ്രസിഡന്റ് ബരാക് ഓമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയും തമ്മിലുള്ള ആശയവിനിമയമാണ് കരാറിലേക്ക് നയിച്ചത്. ആണവ പദ്ധതികള്‍ കുറയ്ക്കുമെന്ന് ഇറാന്‍ നിലപാടെടുത്തു. ഇതോടെ അമേരിക്ക ഇറാനുമേലുള്ള ഉപരോധങ്ങള്‍ നീക്കി.

യുഎസ്,ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഉപരോധങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ അന്നുണ്ടാക്കിയത് ഒരു ഭ്രാന്തന്‍ കരാറാണെന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here