എംബിഎസിന്റെ വീഡിയോ പുറത്തുവിട്ട് സൗദി

റിയാദ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന കുപ്രചരണം തള്ളി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൗദി അറേബ്യ. എംബിഎസ്, വെള്ളിയാഴ്ച യെമന്‍ പ്രസിഡന്റ് അബ്ദ്‌റബ്ബോ മന്‍സൂര്‍ ഹാദിയുമായി ജെദ്ദയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഭരണകൂടം പങ്കുവെച്ചത്.

യെമനില്‍ തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടെയും ചര്‍ച്ച. കൂടാതെ എംബിഎസ് ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. എംബിഎസ് കൊല്ലപ്പെട്ടെന്ന് പ്രചരണം ശക്തമായപ്പോള്‍ അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ സൗദി പുറത്തുവിട്ടിരുന്നു.

അറബ് രാഷ്ട്ര നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന സൗഹൃദ ചിത്രമാണ് ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് എക്കണോമിക് അഫയേഴ്‌സിന്റെ യോഗത്തില്‍ അദ്ദേഹം ആദ്ധ്യക്ഷം വഹിക്കുന്ന ഫോട്ടോ പുറത്തുവിട്ടു. ശേഷം അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ കാണുന്ന ചിത്രവും പങ്കുവെച്ചു.

എന്നാല്‍ എംബിഎസ് ജീവനോടെയുണ്ടെങ്കില്‍ എന്തുകൊണ്ട് ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ധൈര്യപ്പെടുന്നില്ലെന്ന് ചോദ്യങ്ങളുയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സൗദി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ 21 ന് ശേഷം സൗദി കിരീടാവകാശി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലായിരുന്നു പ്രചരണങ്ങളുടെ തുടക്കം.

റിയാദിന് നേര്‍ക്ക് ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നായിരുന്നു ഫാര്‍സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഏപ്രില്‍ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ ആധാരമാക്കിയായിരുന്നു അഭ്യൂഹങ്ങള്‍.

ഈ സംഭവത്തിനിടെ 2 വെടിയുണ്ടകളേറ്റ് എംബിഎസ് കൊല്ലപ്പെട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഏപ്രില്‍ 28 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനോടനുബന്ധിച്ചൊന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയിരുന്നില്ല.

സൗദി രാജാവ് സല്‍മാനും വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളേ പുറത്തുവന്നിരുന്നുള്ളൂ. പൊടുന്നനെ പൊതുചടങ്ങുകളില്‍ നിന്നുള്ള എംബിഎസിന്റെ വിട്ടുനില്‍ക്കല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചരണങ്ങള്‍.

അഴിമതിക്കാരായ രാജകുടുംബാംഗങ്ങളെയും ഭരണകര്‍ത്താക്കളെയും തടവിലാക്കിയതടക്കം വിപ്ലവകരമായ നീക്കങ്ങള്‍ എംബിഎസില്‍ നിന്നുണ്ടായിരുന്നു. കൂടാതെ സാമൂഹ്യ രംഗത്തും നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്.

സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനും സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി. വിവിധ മേഖലകളില്‍ നിയമനം. അബായ ധരിക്കുന്നതില്‍ ഇളവ് എന്നിവ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 35 വര്‍ഷത്തെ സിനിമാ വിലക്ക് നീക്കി തിയേറ്ററുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here