തടവിലുള്ള സൗദി ഉന്നതര്‍ക്ക്‌ ക്രൂര മര്‍ദ്ദനം

റിയാദ് : സൗദി ഭരണകൂടത്തിന്റെ അഴിമതിവിരുദ്ധ നടപടിയില്‍ തടവിലാക്കപ്പെട്ട ഉന്നതര്‍ക്ക് അധികൃതരില്‍ നിന്ന് ക്രൂര പീഡനമേല്‍ക്കുന്നതായി റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പ്രമുഖ മാധ്യമമായ ദ ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമതി നടത്തിയെന്ന് കണ്ടെത്തി, രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥ പ്രമുഖരും അടക്കമുള്ളവരെയാണ് സൗദി ഭരണകൂടം തടവിലാക്കിയത്. 11 രാജകുടുംബാംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനിലാണ് കസ്റ്റഡിയില്‍ വെച്ചത്.

ഇവരില്‍ ഇതുവരെ 17 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെന്നും ഒരാള്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണെന്നുമാണ് റിപ്പോര്‍ട്ട്. ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് തടവില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ കഴുത്ത് തിരിഞ്ഞുപോയ നിലയിലായിരുന്നു.

ശരീരം മുഴുവന്‍ ചതഞ്ഞിട്ടുണ്ടായിരുന്നു. ബലപ്രയോഗത്തിന്റെയും മര്‍ദ്ദനത്തിന്റെയും ഭാഗമായുണ്ടാകുന്ന പരിക്കുകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലെന്നും മൃതദേഹം കണ്ടയാളെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് വ്യക്തമാക്കുന്നു. ഇയാളുടെ ശരീരത്തില്‍ പൊള്ളിയ പാടുകളുമുണ്ടായിരുന്നു.

ഷോക്കേല്‍പ്പിച്ചതിന്റെ സൂചനയാണിതെന്നും പരാമര്‍ശിക്കുന്നു. തടവിലുള്ളവര്‍ക്ക് ഉറക്കമടക്കം നിഷേധിക്കുകയാണ്. മുഖം മൂടിക്കെട്ടിയാണ് ഇവരെ ചോദ്യം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതെന്നും ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സൗദി നിയമങ്ങള്‍ക്ക് അനുസൃതമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കസ്റ്റഡിയിലുള്ളവര്‍ക്ക് ചികിത്സാ സഹായമടക്കം ലഭ്യമാക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. 200 ലേറെ പ്രമുഖരെയാണ് ഭരണകൂടം തടവിലാക്കിയത്.

അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായ 100 ബില്യണ്‍ ഡോളര്‍ ഇവരില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. നിരവധി പ്രമുഖര്‍ ഇതിനകം വന്‍ തുക പിഴയായി കെട്ടിവെച്ച് മോചിതരായിട്ടുണ്ട്.

നിലവില്‍ 56 പേര്‍ റിറ്റ്‌സ് കാള്‍ട്ടനില്‍ തടവിലുണ്ടെന്നും ന്യൂയോര്‍ക് ടൈംസ് വ്യക്തമാക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് അഴിമതി വിരുദ്ധ സമിതി.

വാറണ്ട് അയയ്ക്കാനും അറസ്റ്റ് ചയ്യാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പാസ്‌പോര്‍ട്ടുള്‍പ്പെടെ തടഞ്ഞുവെയ്ക്കാനും സമിതിക്ക് അധികാരമുണ്ട്. ഏതാണ്ട് 1700 ഓളം ബാങ്ക് അക്കൗണ്ടുകള്‍ ഇതുവരെ മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here