അവസാന പരീക്ഷയ്ക്കിടെ ബോധക്ഷയമുണ്ടായി;വീട്ടിലേക്ക് പോകുമ്പോള്‍ വീണ്ടും; തുടര്‍ന്ന് മരണം

സൗദി അറേബ്യ : പരീക്ഷയെഴുതവെ ബോധക്ഷയമുണ്ടായ വിദ്യാര്‍ത്ഥി ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു. സൗദി അറേബ്യയിലാണ് നടുക്കുന്ന സംഭവം. മദീനയിലെ ഖൈസ് ബിന്‍ സാദ് അല്‍ അന്‍സാരി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഅത് അല്‍ അഫ്വിയാണ് മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം. മുഅതിന് യാതൊരുവിധ അസുഖങ്ങളുമില്ലായിരുന്നു. ആദ്യ സെമസ്റ്ററിലെ അവസാനത്തെ അറബിക് പരീക്ഷ എഴുതുന്നതിനിടെ പൊടുന്നനെ കുട്ടിക്ക് തളര്‍ച്ചയനുഭവപ്പെട്ടു.തനിക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടെന്ന് വിദ്യാര്‍ത്ഥി അധ്യാപകരോട് പറയുകയും ചെയ്ത് നിമിഷങ്ങള്‍ക്കകം തളര്‍ന്നുവീഴുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം ബോധം തിരികെ വന്നു. അപ്പോള്‍ തനിക്ക് പരീക്ഷയെഴുതണമെന്ന് കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ അടുത്ത സെമസ്റ്ററിനൊപ്പം എഴുതാമെന്ന് ബോധ്യപ്പെടുത്തി കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കാറില്‍ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ വഴിമധ്യേ വിദ്യാര്‍ത്ഥിക്ക് വീണ്ടും ബോധക്ഷയമുണ്ടായി. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു. മകന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലായിരുന്നുവെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാതാവിനോട് പറഞ്ഞാണ് കുട്ടി സ്‌കൂളിലേക്ക് പോയത്. പിന്നീട് അവന്റെ വിയോഗവാര്‍ത്തയാണ് അവരെ തേടിയെത്തിയത്. സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു മുഅത് അഫ്വി.എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിരുന്നു. കാറുകളോട് പ്രത്യേക താല്‍പ്പര്യമുള്ള കുട്ടി അതിന്റെ ചിത്രങ്ങളുടെ ശേഖരവും ഒരുക്കാറുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here