ഫാഷന്‍ വീക്കിന് വേദിയാകാന്‍ സൗദി

റിയാദ് : സൗദി അറേബ്യ ഇതാദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നു.
മാര്‍ച്ച് മാസത്തില്‍ റിയാദിലാണ് ഫാഷന്‍ വീക്ക് അരങ്ങേറുക. തിങ്കളാഴ്ച അറബ് ഫാഷന്‍ കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സൗദി നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണിത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരുന്നത്.റിയാദില്‍ അപെക്‌സ് സെന്ററാണ് അറബ് ഫാഷന്‍ വീക്കിന്റെ വേദി. കഴിഞ്ഞ ഡിസംബറില്‍ അറബ് ഫാഷന്‍ കൗണ്‍സില്‍, റിയാദില്‍ പ്രാദേശിക കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

സൗദി രാജകുമാരി നോറ ബിന്‍ത് അല്‍ സൗദിനെ അതിന്റെ അദ്ധ്യക്ഷയായും പ്രഖ്യാപിച്ചു. ലോക നിലവാരത്തിലുള്ള ഫാഷന്‍ വീക്കിനാണ് റിയാദ് വേദിയാവുകയെന്നും ടൂറിസം വ്യാപാര രംഗങ്ങളില്‍ ഉള്‍പ്പെടെ രാജ്യപുരോഗതിക്ക് ഇത് ഉതകുന്നതാണെന്നും നോറ പ്രസ്താവനയില്‍ വ്യക്തമാക്കി. ചടങ്ങിന്റെ ലൈന്‍ അപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതിനാല്‍ തന്നെ ചടങ്ങില്‍ പാലിക്കേണ്ട ഡ്രസ് കോഡ് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല. സൗദി സ്ത്രീകളെ പൊതുസ്ഥലത്ത് അബായകള്‍ ധരിച്ച് പ്രത്യക്ഷപ്പെടാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് നേരത്തെ മുതിര്‍ന്ന മത പണ്ഡിതന്‍ വ്യക്തമാക്കിയിരുന്നു.കുറച്ച് നാളുകളായി സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പരിഷ്‌കാര നടപടികളുടെ നീണ്ടനിര തന്നെ നടപ്പാക്കി വരികയാണ്.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, വിവിധ വകുപ്പുകളില്‍ നിയമനം, സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം, തിയേറ്ററുകള്‍ക്ക് അനുമതി, എന്നിവയുള്‍പ്പെടെ ശ്രദ്ധേയമായ പരിഷ്‌കാരങ്ങളാണ് നടപ്പാക്കി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here