സൗദിയില്‍ റീട്ടെയ്ല്‍ മേഖലയിലും സ്വദേശിവത്കരണം

റിയാദ് : ചില്ലറ വില്‍പ്പനമേഖലയിലും സ്വദേശി വത്കരണത്തിന് സൗദി അറേബ്യ. നിരവധി മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നതാണ് സൗദി നീക്കം. പരമാവധി സ്വദേശികള്‍ക്ക് ചില്ലറ വില്‍പ്പന മേഖലയില്‍ ജോലി നല്‍കുമെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കുന്നു.

റീട്ടെയ്ല്‍ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രാലയം അറിയിച്ചു. 2022 ആകുമ്പോഴേക്കും 12 ലക്ഷം സ്വദേശികള്‍ക്ക് പുതുതായി ജോലി കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

4 വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ നിരക്ക് 9 ശതമാനമായി കുറയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. തൊഴില്‍ രഹിതരില്‍ ഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഇല്ലാത്തവരാണ്.

ഈ സാഹചര്യത്തില്‍ റീട്ടെയ്ല്‍ മേഖലയില്‍ ഇവര്‍ക്ക് അവസരം നല്‍കുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ഭരണകൂടം. ഫര്‍ണിച്ചര്‍, വാഹന സ്‌പെയര്‍പാര്‍ട്‌സ് വില്‍പ്പന കേന്ദ്രങ്ങള്‍, വാച്ച് കണ്ണട കടകള്‍, ബേക്കറികള്‍ റെഡിമെയ്ഡ് വസ്ത്രശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ട്.

മൊബല്‍ ഫോണ്‍, ജ്വല്ലറി മേഖലകളില്‍ സമ്പൂര്‍ണ സൗദിവത്കരണം നേരത്തേ നടപ്പാക്കിയിട്ടുമുണ്ട്. ഫലത്തില്‍ നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുന്ന നീക്കങ്ങളുമായാണ് സൗദി ഭരണകൂടം മുന്നോട്ടുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here