35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദിയില്‍ സിനിമ

റിയാദ് : 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദിയില്‍ സിനിമ പ്രദര്‍ശനം. ഹോളിവുഡ് ബ്ലോക്ക് ബസ്റ്റര്‍ ‘ബ്ലാക്ക് പാന്തര്‍’ ആണ് ആദ്യ ചിത്രം. സൗദി തലസ്ഥാനമായ റിയാദില്‍ ആദ്യ തിയേറ്ററിന്റെ ഉദ്ഘാടനം ഏപ്രില്‍ 18 ബുധനാഴ്ച നടക്കും.

കിങ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് സമുച്ചയത്തിലാണ് പ്രദര്‍ശനശാല ഒരുക്കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം 15 നഗരങ്ങളില്‍ 40 തിയേറ്ററു
കള്‍ ആരംഭിക്കും.

2030 ആകുന്നതോടെ 350 തിയേറ്ററുകളിലായി 2500 സ്‌ക്രീനുകള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ചാണ് തിയേറ്ററുകള്‍ ഒരുക്കുന്നത്‌.

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഇടകലര്‍ന്നിരിക്കാവുന്ന തരത്തിലാണ് തിയേറ്ററിലെ ക്രമീകരണം. സാമൂഹ്യ സാസ്‌കാരിക മണ്ഡലങ്ങളില്‍ സൗദി നടത്തിവരുന്ന പുരോഗമന ഇടപെടലുകളില്‍ സുപ്രധാനമാണ് സിനിമ പ്രദര്‍ശനം പുനരാരംഭിക്കാനുള്ള തീരുമാനം.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സൗദിയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ നടപ്പില്‍വരുത്തുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായ പൊളിച്ചെഴുത്താണ് എംബിഎസ് സാക്ഷാത്കരിക്കുന്നത്.

വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ് എന്നിവ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ വിവിധ വകുപ്പുകളില്‍ നിയമനം, സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം, അറബ് ഫാഷന്‍ വീക്ക് എന്നിവയുള്‍പ്പെടെ വിപ്ലവകരമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here