സൗദി ലക്ഷ്യം വിനോദ രംഗത്തിന്റെ വളര്‍ച്ച

റിയാദ് : 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യ സിനിമ പ്രദര്‍ശനത്തിന് വേദിയാവുകയാണ്. ഹോളിവുഡ് ബ്ലോക്ക് ബസ്റ്റര്‍ ‘ബ്ലാക്ക് പാന്തര്‍’ ആണ് ആദ്യ ചിത്രം. സൗദി തലസ്ഥാനമായ റിയാദില്‍ ആദ്യ തിയേറ്ററിന്റെ ഉദ്ഘാടനം ഏപ്രില്‍ 18 ബുധനാഴ്ച നടക്കും.

സാമൂഹ്യ സാസ്‌കാരിക മണ്ഡലങ്ങളില്‍ സൗദി നടത്തിവരുന്ന പുരോഗമന ഇടപെടലുകളില്‍ സുപ്രധാനമാണ് സിനിമ പ്രദര്‍ശനം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സൗദിയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ നടപ്പില്‍വരുത്തുന്നത്.

എണ്ണയെ ആശ്രയിച്ച് മാത്രം രാജ്യത്ത് വികസനപ്രവൃത്തികള്‍ സാക്ഷാത്കരിക്കാനാവില്ലെന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സൗദി തിരിച്ചറിയുകയാണ്.

വരുമാന വര്‍ധനവിന്‌ മതാധികാര പ്രയോഗങ്ങളില്‍ ഇളവുവേണമെന്നും പുതിയ ഭരണകൂടം മനസ്സിലാക്കുന്നു. ഇക്കാര്യങ്ങളാണ് വിപ്ലവകരമായ പരീക്ഷണങ്ങള്‍ക്ക് സൗദിയെ പ്രേരിപ്പിച്ചത്.

സൗദി നിവാസികള്‍ 2017 ല്‍ മാത്രം 30 ബില്യണ്‍ ഡോളര്‍,വിനോദ, ആതിഥ്യ (എന്റര്‍ടെയ്ന്‍മെന്റ് ആന്റ് ഹോസ്പിറ്റാലിറ്റി) രംഗങ്ങളിലായി രാജ്യത്തിന് പുറത്ത് മിഡില്‍ ഈസ്റ്റില്‍ ചെലവഴിച്ചിട്ടുണ്ട്.

ഈ തുക സൗദി വളര്‍ച്ചാനിരക്കിന്റെ 5 ശതമാനം വരും. അതിനാല്‍ വിനോദരംഗം വിപുലപ്പെടുത്തിയാല്‍, പുറത്തേക്കൊഴുകുന്ന പണം ഖജനാവിലേക്ക് മുതല്‍ക്കൂട്ടാമെന്ന് ഭരണകൂടം തിരിച്ചറിയുന്നു.

ഇതാണ് സിനിമയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാന കാരണം. 2014 ലെ ഒരു സര്‍വേ പ്രകാരം മൂന്നില്‍ രണ്ട് സൗദികളും ഇന്റര്‍നെറ്റ് മുഖേന സിനിമകള്‍ ആസ്വദിക്കുന്നുണ്ട്. പത്തില്‍ 9 ആളുകള്‍ക്കും സ്മാര്‍ട്‌ഫോണുമുണ്ട്.

അതേസമയം സൗദിക്കാരുടെ നേതൃത്വത്തില്‍ ലോകത്ത് ‘വാദിജ’, ‘ബറാക്കാ മീറ്റ്‌സ് ബറാക്കാ’ എന്നീ ചിത്രങ്ങള്‍ ഉണ്ടാവുകയും ചെയ്തു. വരുമാനാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ വിനോദ മേഖല വന്‍ സാധ്യതയാണ് തുറന്നിടുകയെന്ന തിരിച്ചറിവ് സിനിമ പുനരാരംഭിക്കാന്‍ സൗദിയെ പ്രേരിപ്പിച്ചെന്ന് വ്യക്തം.

തന്റെ തലമുറയിലുള്ളവര്‍ രാജ്യത്തെ ജീവിത നിലവാരത്തില്‍ അത്രമേല്‍ സന്തുഷ്ടരല്ലെന്ന തിരിച്ചറിവ് 32 കാരനായ എംബിഎസിനുണ്ട്. കാരണം ഇപ്പോഴത്തെ യുവാക്കളില്‍, പത്ത് ലക്ഷത്തിലേറെ പേരെങ്കിലും വിദേശത്ത് പഠിച്ച് മടങ്ങിയെത്തിയവരാണ്.

പുറം രാജ്യങ്ങളില്‍ രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്‌കാരികമായും അവര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം സ്വരാജ്യത്തില്ലെന്ന തിരിച്ചറിവ് സൗദി ജനതയില്‍ ശക്തിയാര്‍ജിക്കുകയാണ്.

അതിനാല്‍ മതപരമായ കര്‍ശന വ്യവസ്ഥകളില്‍ ഇളവുവേണമെന്ന് എംബിഎസിന് ബോധ്യമുണ്ട്. അതിനാലാണ് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായ പൊളിച്ചെഴുത്തിന് അദ്ദേഹം തയ്യാറാകുന്നത്.

വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, വിവിധ വകുപ്പുകളില്‍ നിയമനം എന്നിവ പ്രഖ്യാപിച്ചു.

സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം, അറബ് ഫാഷന്‍ വീക്ക് എന്നിവയുള്‍പ്പെടെ വിപ്ലവകരമായ മറ്റ് പദ്ധതികളും മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരികയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here