റിയാദ് : ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ചത് ആഗോളതലത്തില്‍ പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തല്‍. അടുത്ത നടപടിയായി അമേരിക്ക ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.
ഇത് അന്താരാഷ്ട്ര തലത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍.അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ ഗണ്യമായ ഇടിവുണ്ടാകും.
ഇതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇറാന് എണ്ണയുടെ ലഭ്യത കുത്തനെ കുറയും. ഫലത്തില്‍ പൊതുവെ എണ്ണ ലഭ്യത മുന്‍പത്തേതിനേക്കാള്‍ കുറയുന്ന സ്ഥിതിവിശേഷമുണ്ടാകും.
നിലവില്‍ സൗദിയും ഇറാഖും കഴിഞ്ഞാല്‍ എണ്ണയുല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇറാന്. സൗദി നിലവില്‍ എണ്ണയുത്പാദനം ഗണ്യമായി കുറച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് ഉത്പാദനം വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് സൗദിയുടെ നിലപാട്.
ഈ അവസരത്തില്‍ ഇറാന്റെ എണ്ണ കൂടി ലഭ്യമാകാത്ത സാഹചര്യമുണ്ടായാല്‍ ആഗോള മാര്‍ക്കറ്റില്‍ വില കുത്തനെ ഉയരും. വില വര്‍ധിപ്പിക്കുകയെന്നത് സൗദിയുടെ താല്‍പ്പര്യവുമാണ്.
ഏറ്റവും കുറഞ്ഞത് ബാരലിന് 80 ഡോളറിലേക്കെങ്കിലും എത്തിക്കാനാണ് സൗദിയുടെ നീക്കങ്ങള്‍. ഫലത്തില്‍ അമേരിക്ക ഇറാനുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ എളുപ്പത്തില്‍ എണ്ണവില ഉയരുന്ന സാഹചര്യമുണ്ടാകും. ഇത് സൗദിക്ക് പ്രതീക്ഷയ്ക്ക്
വകനല്കുന്നു.
അതേസമയം എണ്ണവില ഉയര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. രാജ്യത്തിനാവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
എണ്ണവില ബാരലിന് 75 ഡോളറില്‍ നില്ക്കുമ്പോള് ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപയോട് അടുക്കുകയാണ്. ആഗോള മാര്‍ക്കറ്റില്‍ എണ്ണലഭ്യത കുറയ്ക്കുന്നതോടെ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരും.
ഇതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും വന്‍തോതില്‍ വര്‍ധിക്കും. അടുത്തമാസം വിയന്നയില്‍ ഒപെക് രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്. ഉത്പാദന നിയന്ത്രണം തുടര്‍ന്ന് പരമാവധി വില ഉയര്‍ത്താനുള്ള നീക്കമായിരിക്കും സൗദിയുടേത്.