സ്‌പോര്‍ട്‌സ് അബായകള്‍ക്ക് പ്രിയമേറുന്നു

റിയാദ് : സൗദി വനിതകള്‍ക്കിടയില്‍ സ്‌പോര്‍ട്‌സ് അബായ ഗൗണുകള്‍ക്ക് പ്രിയമേറുന്നു. സ്ത്രീകള്‍ പൊതുവിടങ്ങളിലെത്തുമ്പോള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും മാന്യമായ ഏതുവസ്ത്രവുമാകാമെന്നും മതപണ്ഡിതര്‍ ഇക്കഴിഞ്ഞയിടെ പ്രസ്താവിച്ചിരുന്നു.

ഇതോടെയാണ് സ്‌പോര്‍ട്‌സ് അബായകള്‍ക്ക് പ്രചാരമേറിയത്. ജിദ്ദ നഗരത്തിലൂടെ സൗദി വനിത അത്‌ലറ്റുകള്‍ പ്രസ്തുത വേഷമണിഞ്ഞ് ഓടുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ വേഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ അരങ്ങേറുകയും ചെയ്തു. മതപരമായ നിഷ്ഠകളുടെ ലംഘനമാണിതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മാറുന്ന സൗദിയുടെ പുരോഗമന മുഖമായും ചിലര്‍ ഇതിനെ വിലയിരുത്തി.

വിവിധ നിറങ്ങളിലുള്ള സ്‌പോര്‍ട്‌സ് അബായകള്‍ വിപണിയിലുണ്ട്. ഇവയ്ക്ക് ഇപ്പോള്‍ നിറയെ ആവശ്യക്കാറുണ്ടെന്ന് എമാന്‍ ജൊഹാര്‍ജിയെ പോലുള്ള പ്രമുഖ ഡിസൈനര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

2007 ലാണ് സ്‌പോര്‍ട്‌സ് അബായകള്‍ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ വസ്ത്രധാരണത്തില്‍ മതപരമായ കര്‍ശന വ്യവസ്ഥകള്‍ നിലനിന്നിരുന്നതിനാല്‍ വനിതകള്‍ ഈ ഉല്‍പ്പന്നത്തോട് അത്രമേല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ വസ്ത്രധാരണത്തില്‍ ഇളവ് കല്‍പ്പിക്കപ്പെട്ടതോടെ ഈ ഉല്‍പ്പന്നത്തിലേക്ക് കൂടുതല്‍ വനിതകള്‍ ആകര്‍ഷിക്കപ്പെടുകയാണ്. ശരീരം മുഴുവന്‍ മൂടിനില്‍ക്കുന്ന വസ്ത്രമെന്നതും ഇതിന്റെ ആകര്‍ഷണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here