വീട്ടു ജോലിക്കാരിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച സൗദി കുടുംബം

ജക്കാര്‍ത്ത :തന്റെ മകളുടെ കൊലപാതകിയെന്ന് കോടതി വിധിച്ച പ്രവാസി വീട്ടു ജോലിക്കാരിക്ക് മാപ്പ് നല്‍കി സൗദി കുടുംബം. സൗദി അറേബ്യയിലെ തബൂക്ക് സ്വദേശികളായ ഗലിബ് നാസിര്‍ അല്‍ ഹമ്രി അല്‍ ബലാവിയും ഭാര്യയുമാണ് വീട്ടു ജോലിക്കാരിയായ ഇന്തോനേഷ്യന്‍ യുവതിക്ക് മാപ്പ് നല്‍കി വാര്‍ത്തകളില്‍ നിറയുന്നത്. ഇന്തോനേഷ്യന്‍ സ്വദേശിനിയായ മസാമയ്ക്കാണ് ഇവര്‍ മാപ്പ് നല്‍കി പുതു ജീവിതം നല്‍കിയത്.

2009 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മസാമയുടെ സംരക്ഷണതയിലായിരുന്നു ദമ്പതികളുടെ പിഞ്ചു കുഞ്ഞ്. എന്നാല്‍ പൊടുന്നനെ ദേഹാസ്യസ്ഥ്യത്തെ തുടര്‍ന്ന് കുട്ടി മരണപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മുഖത്ത് മസാമയുടെ കൈ രേഖകള്‍ കണ്ടതിനെ തുടര്‍ന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ കിടപ്പില്‍ അസ്വാഭാവികത കണ്ടതിനാല്‍ താന്‍ കൈ കൊണ്ട് മുഖത്ത് ശക്തമായി ഉരയ്ക്കുക മാത്രമാണ് ചെയ്തതെന്ന് യുവതി പറഞ്ഞെങ്കിലും 2014 ല്‍ കോടതി മസാമയെ 5 വര്‍ഷം തടവിന് ശിക്ഷിച്ചു.

2016 ല്‍ ജില്ലാ അറ്റോര്‍ണി യുവതിക്ക് വധശിക്ഷ നല്‍കണമെന്ന് കോടതിയോട് ശുപാര്‍ശ ചെയ്തു. ഈ അപേക്ഷയില്‍ വാദം നടന്നു കൊണ്ടിരിക്കെ 2017 മാര്‍ച്ചില്‍ മസാമയ്ക്ക് മാപ്പു നല്‍കുന്നതായി ദമ്പതികള്‍ കോടതിയെ അറിയിക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തി വാങ്ങുന്ന തുകയും വേണ്ടെന്ന് വെക്കാന്‍ ദമ്പതിമാര്‍ തയ്യാറായി. എന്നാല്‍ കുറച്ചു കാലം കൂടി യുവതിക്ക് ജയിലില്‍ കഴിയേണ്ടി വന്നു.

ഇതിന് ശേഷം 2018 ജനുവരിയിലാണ് മസാമ ജയില്‍ മോചിതയാകുന്നത്. നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലെത്താന്‍ മസാമയ്ക്ക് മാര്‍ച്ച് മാസം വരെ കാത്തിരിക്കേണ്ടി വന്നു. തങ്ങള്‍ മോചിതയാക്കിയ മസാമയേയും അവരുടെ കുടുംബത്തേയും ഇന്തോനേഷ്യയിലെത്തി കാണുവാനും സൗദി ദമ്പതിമാര്‍ സമയം കണ്ടെത്തി. മെയ് 3 ാം തീയ്യതിയാണ് മസാമയെ കാണാന്‍ ഇവര്‍ ഇന്തോനേഷ്യയിലെത്തിയത്. ഒരാഴ്ച്ച ഇവര്‍ ഇന്തോനേഷ്യയില്‍ ചിലവഴിക്കും. യുവതിക്ക് മാപ്പ് നല്‍കിയതിലൂടെ ദൈവത്തിന്റെ കാരുണ്യമല്ലാതെ വേറൊന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും സൗദി ദമ്പതികള്‍ ജക്കാര്‍ത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here