സൗദിയെ വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടന

ജിദ്ദാ :പതിറ്റാണ്ടുകളായി വിചാരണ കൂടാതെ ആയിരത്തിലധികം പേര്‍ സൗദിയിലെ ജയിലുകളില്‍ തടവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സൗദി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

2,305 പേര്‍ സൗദിയിലെ ജയിലുകളില്‍ ആറു മാസത്തിലധികമായി വിചാരണ കൂടാതെ തടവില്‍ കഴിയുകയാണ്. ഇതില്‍ ആയിരത്തിലധികം പേര്‍ പത്തു വര്‍ഷത്തിലധികമായി ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നവരാണ്.

വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പേരെടുത്ത് വിമര്‍ശിക്കാനും സംഘടനയുടെ മിഡില്‍ ഈസ്റ്റ് മേധാവി സാറാ ലീ വിറ്റ്‌സണ്‍ മറന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണിനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയില്‍ അധികാരമേറ്റത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം തടവുകാരുടെ എണ്ണം വര്‍ദ്ധിച്ചതായും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി.

തടവുകാരുടെ വിചാരണ നടത്തുവാന്‍ ഇത്രയും കാലതാമസം നേരിട്ടുവെന്നതിന് അര്‍ത്ഥം സൗദിയിലെ നിയമ വ്യവസ്ഥയ്ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിരിക്കുകയാണെന്നും അനുദിനം മോശം അവസ്ഥയിലേക്ക്നീ ങ്ങിക്കൊണ്ടിരിക്കുകയാണെന്നും സാറാ ലീ വിറ്റ്‌സണ്‍ പ്രതികരിച്ചു.

‘വിഷന്‍ 2030’ എന്ന പേരില്‍ സൗദിയെ നവീകരിച്ചു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാന്‍ വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുന്ന മുഹമ്മദ് ബിന്‍ സല്‍മാന് കനത്ത തിരിച്ചടിയായിരിക്കുകയാണ് മനുഷ്യവകാശ സംഘടനയുടെ പരാമര്‍ശം. സത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനടക്കമുള്ള നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സൗദി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റത്തിന് ശേഷം സാക്ഷ്യം വഹിച്ചത്. അതേസമയം രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയെന്ന സൗദി കിരീടാവകാശിയുടെ ശ്രമങ്ങള്‍ക്ക് പുതിയ വിമര്‍ശനങ്ങള്‍ തിരിച്ചടിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here