വിദഗ്ധര്‍ക്ക്‌ സൗദിയുടെ സൗജന്യ വിസ

സൗദി : വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ക്കും വിദേശ ശാസ്ത്രജ്ഞര്‍ക്കും സൗദി അറേബ്യ സൗജന്യ വിസ നല്‍കും. ആരോഗ്യ രംഗത്ത് ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

വിവിധ മേഖലകളില്‍ തങ്ങളുടെ കാര്യക്ഷമതയും അറിവും മത്സരശേഷിയും തെളിയിച്ചവര്‍ക്കാണ് സൗജന്യ വിസ ആനുകൂല്യം ലഭിക്കുക. വിദേശങ്ങളിലെ വിദഗ്ധരെ ആകര്‍ഷിക്കാനാണ് സൗദി ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇവരെ സൗദിയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ക്ക് മികച്ച പരിഗണന ലഭിക്കും. ഈ രംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ വിദേശ വിദഗ്ധരെ കൂടി പങ്കാളികളാക്കി മികവ് നേടുകയാണ് ലക്ഷ്യമിടുന്നത്.

ഉദാഹരണത്തിന് 2012 മുതല്‍ മേര്‍സ് വൈറസ് രാജ്യത്ത് മരണം വിതയ്ക്കുന്നുണ്ട്. ഇത്തരം രോഗങ്ങളെ ചെറുക്കാനുള്ള ഫലപ്രദമായ വൈദ്യമാതൃകകള്‍ സൃഷ്ടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ രാജ്യം വിഭാവനം ചെയ്യുന്നത്.

ഹെല്‍ത്ത് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഹമ്മദ് അല്‍ ആമിറി,സര്‍ക്കാര്‍ തീരുമാനത്തെ ശ്ലാഘിച്ച് രംഗത്തെത്തി. അരോഗ്യ രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് കൗണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടിയെന്ന് ആമിറി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here