സൗദി പലസ്തീനൊപ്പമെന്ന് സല്‍മാന്‍ രാജാവ്

റിയാദ് : ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ടെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന തള്ളി പിതാവ് സല്‍മാന്‍ രാജാവ്. സൗദി പലസ്തീനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീന്‍ ജനതയുടെ നീതിക്കായുള്ള പോരാട്ടത്തിനൊപ്പമാണ് സൗദി.

പലസ്തീന് ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര രാജ്യമായി നിലകൊള്ളാന്‍ അവകാശമുണ്ട്. ആ പോരാട്ടത്തിലേര്‍പ്പെട്ട ജനതയ്‌ക്കൊപ്പം സൗദി നിലകൊള്ളും. എന്നും ഇരകളാക്കപ്പെടുന്ന പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് എന്നും സൗദിയെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇസ്രയേല്‍ അനുകൂല പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് പിതാവിന്റെ പ്രതികരണം. നേരത്തേ സൗദി കിരീടാവകാശി നടത്തിയ ഇസ്രയേല്‍ അനുകൂല പരാമര്‍ശത്തില്‍ അറബ് ലോകത്ത് അമ്പരപ്പ് ഉളവായിരുന്നു.

ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ടെന്നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന.അമേരിക്ക ആസ്ഥാനമായുള്ള അറ്റ്ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ലോകത്ത് എവിടെയായാലും ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ സമാധാനപൂര്‍വം ജീവിക്കാന്‍ അവകാശമുണ്ട്.

പലസ്തീനും ഇസ്രയേലിനും അവരവരുടെ ഭൂമിയില്‍ അവകാശമുണ്ട്. അതിനായി ഒരു സമാധാന ഉടമ്പടിയുണ്ടാകണം. ജൂതന്‍മാരുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. പ്രവാചകന്‍ ജൂത സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വലിയ സമ്പദ് വ്യവസ്ഥയാണ് ഇസ്രയേലിന്റേത്. സൗദിക്ക് ഇസ്രയേലുമായി സഹകരണം സാധ്യമാകുന്ന നിരവധി വിഷയങ്ങളുണ്ട്. സമാധാനം സാധ്യമായാല്‍ ജിസിസി രാജ്യങ്ങള്‍ക്കും ഈജിപ്ത് ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ക്കും ഇസ്രയേലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളുണ്ട്.

തങ്ങള്‍ക്ക് ഇസ്രയേലിന്റെ മതപരമായ അസ്തിത്വത്തോട് എതിര്‍പ്പില്ല. ഒരു രാജ്യത്തിന്റ നിലനില്‍പ്പിനും തങ്ങള്‍ എതിരല്ല, അതേസമയം ജെറുസലേമിലെ വിശുദ്ധ മസ്ജിദും പലസ്തീന്‍ പൗരന്‍മാരുടെ സുരക്ഷിതത്വവും തങ്ങളുടെ ഉത്കണ്ഠയാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിയും ഇസ്രയേലും തമ്മില്‍ നിലവില്‍ ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ല. എന്നാല്‍ ഉഭയകക്ഷി ധാരണകള്‍ക്ക് സൗദി ഒരുക്കമാണെന്ന സൂചന നല്‍കുന്ന തരത്തിലായിരുന്നു എംബിഎസിന്റെ പ്രസ്താവന.

ഇത് അറബ് ലോകത്ത് ഞെട്ടലുളവാക്കി. കാരണം ഏറ്റവും മോശം സമയത്താണ് എംബിഎസിന്റെ ഇസ്രയേല്‍ അനുകൂല പ്രസ്താവന വന്നത്. ഇസ്രയേല്‍ സൈന്യം 17 പലസ്തീനികളെ കൊന്നൊടുക്കിയത് ദിവസങ്ങള്‍ മാത്രം മുന്‍പാണ്.

ഗാസ അതിര്‍ത്തിയില്‍ സമാധാനപരമായി റാലി നടത്തുകയായിരുന്നവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെ ഇസ്രയേല്‍ അനുകൂല പരാമര്‍ശങ്ങള്‍ എംബിഎസില്‍ നിന്നുണ്ടായത് അനുചിതമായെന്നാണ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ പൊതുവെ വിലയിരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here