പിതാവ് മരിച്ചതറിഞ്ഞ മകന്‍

ജിദ്ദാ :ടിവി പരിപാടിക്കിടെ പിതാവ് മരിച്ച വാര്‍ത്ത അറിഞ്ഞ മകന്‍ ഞെട്ടിത്തരിച്ചു. തെറ്റായ റേറ്റിംഗ് തന്ത്രത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. സൗദിയിലെ ബെദയ ടിവി ചാനലില്‍ അരങ്ങേറുന്ന ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് ഈ അത്യന്തം നിരാശജനകമായ സംഭവങ്ങള്‍ അരങ്ങേറിയത്.

റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ ഒരു യുവാവിന്റെ പിതാവാണ് മരണമടഞ്ഞത്. പരിപാടി നടക്കുന്നതിനിടെ പിതാവ് മരിച്ചെന്ന് അറിയുമ്പോള്‍ ഒരു മകന്‍ കാണിക്കുന്ന വികാര പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ടെലികാസ്റ്റ് ചെയ്യാനായിരുന്നു പരിപാടിയുടെ അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് അവതാരകന്‍ യുവാവിനെ ഒരു കൈ കൊണ്ട് മുറുകെ പിടിച്ച് ഈ ദുഖ വാര്‍ത്ത അറിയിച്ചു. എന്നാല്‍ താന്‍ കേട്ട കാര്യം വിശ്വാസിക്കാന്‍ പോലുമാകാതെ യുവാവ് വേദിയില്‍ കൂടി എന്തു ചെയ്യണമെന്നറിയാതെ നിലവിളിച്ചു. അവസാനം മനസ്സ് തകര്‍ന്ന് കരയുവാന്‍ തുടങ്ങി . ഈ ഭാഗം ടെലികാസ്റ്റ് ചെയതതോട് കൂടി നിരവധി പേരാണ് ചാനലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മനുഷ്യന്റെ വികാരങ്ങളെയും വേദനകളെയും ചാനല്‍ ചൂഷണം ചെയ്ത് തങ്ങളുടെ റേറ്റിംഗിന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തില്‍ കൂടി നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ചാനല്‍ ഉടമ തന്നെ പരിപാടി ടെലികാസ്റ്റ് ചെയ്തതിന് ജനങ്ങളോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി.

ഇത്തരത്തിലുള്ള രംഗങ്ങള്‍ വെറും മണ്ടത്തരം നിറഞ്ഞ പെരുമാറ്റങ്ങളാണെന്നും ജനങ്ങളുടെ വികാരങ്ങള്‍ക്കും വേദനകളേയും ബഹുമാനിക്കപ്പെടേണ്ടതാണെന്നും ചാനല്‍ മേധാവി പറഞ്ഞു. പരിപാടിയുടെ അണിയറ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here