സൗദിയെ ലക്ഷ്യമാക്കി വന്ന മിസൈലിനെ തകര്‍ത്തു

ജിദ്ദ: സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. തെക്കന്‍ നഗരമായ ജീസാനിലെ ജനവാസ മേഖലകള്‍ക്കു നേരെയാണ് യമനിലെ ഹൂതികള്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. എന്നാല്‍ മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു.

ശനിയാഴ്ചയാണ് നാല് ബാലിസറ്റിക് മിസൈലുകള്‍ ജീസാനിലേക്ക് വന്നത്. മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു സ്വദേശി മരിച്ചു. ജീസാന്‍ നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

നഗരപ്രാന്തത്തില്‍ സഥാപിച്ചിട്ടുള്ള പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം നാലുമിസൈലുകളെയും വിജയകരമായി തകര്‍ത്തിടുകയായിരുന്നു. തകര്‍ത്ത മിസൈലുകളുടെ ഭാഗം വീണാണ് ഒരാള്‍ മരിച്ചതെന്ന് ജീസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ യഹിയ അബദുല്ല അല്‍ഖഹതാനി പറഞ്ഞു.

പ്രദേശത്തെ് ചില വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്. വെള്ളിയാഴ്ച നജറാനിലേക്കും ഹൂതികള്‍ മിസൈല്‍ തൊടുത്തിരുന്നു. ഉച്ചക്ക് 12.50 നാണ് നജറാനിലെ ജനവാസ മേഖലയിലേക്ക് യമനില്‍ നിന്ന് മിസൈല്‍ വന്നത്. ഇതിനെയും മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി വ്യോമസേന കനത്ത ആക്രമണം നടത്തിയിരുന്നു. രണ്ട് ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 38 ഹൂതി തീവ്രവാദികള്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here