മരുഭൂമിയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

മെക്ക :ആറ് ദിവസമായി മരുഭൂമിയില്‍ കുടുങ്ങിക്കിടന്നിരുന്ന യുവാവിനെ രക്ഷപ്പെടുത്തി. ഹൊസം അല്‍ സല്‍മി എന്ന അറബ് യുവാവാണ് ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് മരുഭൂമിയില്‍ അകപ്പെട്ട് പോയത്.

മരുഭൂമികളില്‍ ഒറ്റപ്പെട്ട് പോയവരെ കണ്ടെത്താന്‍ സഹായിക്കുന്ന അൗണ്‍ സൊസൈറ്റി ഫോര്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ എന്ന സംഘടനയിലെ വളണ്ടിയര്‍മാരാണ് യുവാവിനെ കണ്ടെത്തിയത്. സൗദിയിലെ പടിഞ്ഞാറന്‍ മേഖലയില്‍ താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് തബൂക്ക് ഭാഗത്തേക്ക് വണ്ടിയെടുത്ത് തിരിച്ചത്.എന്നാല്‍ ആയിരം കിലോമീറ്ററോളം സഞ്ചരിച്ച ഇദ്ദേഹം വഴിതെറ്റി മരുഭൂമിയില്‍ അകപ്പെടുകയായിരുന്നു. ശനിയാഴ്ചയാണ് ഇദ്ദേഹം തനിക്ക് വഴി തെറ്റി മരുഭൂമിയില്‍പ്പെട്ട് കിടക്കുന്ന കാര്യം വീട്ടുകാരെ അറിയിക്കുന്നത്.

രക്ഷാ പ്രവര്‍ത്തകര്‍ക്ക് എളുപ്പം കണ്ടെത്തുന്നതിനായി താന്‍ ഒരു മലമുകളില്‍ തങ്ങിയിരിക്കുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലടക്കം യുവാവിനെ കണ്ടെത്താന്‍ പല ശ്രമങ്ങളും നടന്നെങ്കിലും ഒന്നും ഫലവത്തായില്ല.

തിങ്കളാഴ്ച ഇദ്ദേഹം അവശ നിലയില്‍ വീണ്ടും വീട്ടിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് ഈ ഫോണ്‍ കോള്‍ പിന്തുടര്‍ന്ന ആൗണ്‍ വളണ്ടിയര്‍മാര്‍ സല്‍മിയിപ്പോള്‍ അല്‍ മാദം ഗ്രാമത്തില്‍ നിന്നും 160 കിമി ഉള്ളിലായുള്ള മരുഭൂമിയിലാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ രക്ഷപ്പെടുത്തുന്നത്. കണ്ടെത്തുമ്പോള്‍ ബോധരഹിതനായി കാണപ്പെട്ട ഇദ്ദേഹത്തെ ഇപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here