ആയുധങ്ങള്‍ അണിനിരത്തി ശക്തിപ്രകടനം

റിയാദ് : സൗദി അറേബ്യയിലെ സൈനിക അഴിച്ചുപണിക്ക് തൊട്ടുപിന്നാലെ റിയാദില്‍ ആയുധങ്ങള്‍ അണിനിരത്തി മാര്‍ച്ച് പാസ്റ്റ്. അന്താരാഷ്ട്ര ആയുധ നിര്‍മ്മാണകമ്പനികള്‍ അത്യന്തം പ്രഹരശേഷിയുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

അത്യാധുനിക മെഷീന്‍ ഗണ്ണുകളും, മിസൈലുകളും ആശയ വിനിമയ ഉപകരണങ്ങളുമെല്ലാം അണിനിരത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രദര്‍ശനം വിലയിരുത്തി. സൈന്യത്തെ പുനസംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയുള്ള സൗദിയുടെ നീക്കത്തെ ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്.

റെയ്തിയോണ്‍, ബോയിങ് കോ, റെയ്ന്‍മെറ്റല്‍ എജി തുടങ്ങിയ പ്രമുഖ ആയുധനിര്‍മ്മാണ കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കാളികളായത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന വിഷന്‍ 2030 ന്റെ ഭാഗമായി പ്രതിരോധമേഖലയെ കരുത്തുറ്റതാക്കാന്‍ ഉതകുന്ന ആയുധശേഖരം അവതരിപ്പിക്കുകയായിരുന്നു കമ്പനികള്‍.

സൗദി അറേബ്യന്‍ ഭരണകൂടം പൊടുന്നനെ സൈനിക നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി നടത്തിയത് ലോകരാഷ്ട്രങ്ങളില്‍ സംശയചിന്തയ്ക്ക് വഴിവെച്ചിരുന്നു. എന്താകാം പെട്ടെന്ന് ഇത്തരത്തിലൊരു സൈനിക പുനസംഘടനയ്ക്കുള്ള കാരണമെന്നാണ് രാജ്യത്തലവന്‍മാരും നയതന്ത്രജ്ഞരും മാധ്യമങ്ങളുമെല്ലാം ചികഞ്ഞുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച് ചില സുപ്രധാന സൂചനകള്‍ പുറത്തുവരികയാണ്. യെമനില്‍ സൗദി സൈന്യത്തിന്റെ നിരന്തര പാളിച്ചകളുടെ പശ്ചാത്തലത്തിലാണ് സൈനിക പുനസംഘടനയെന്നാണ് വിവരം. ഹൂതി വിമതര്‍ക്കെതിരെ യെമനില്‍ സൗദി സൈന്യം പോരാടിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ആക്രമണത്തില്‍ ആറായിരത്തോളം സാധാരണക്കാര്‍ ഇരയാക്കപ്പെട്ടതിനെതിരെ ഭരണകൂടം രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. 22.2 ദശലക്ഷം സാധാരണ ജനങ്ങളാണ് ഇവിടെ വിമതരുടെയും സൗദി സൈന്യത്തിന്റെയും പോരാട്ടത്തിന്‌  ഇടയില്‍പ്പെട്ടിരിക്കുന്നത്.

ഇത്തരത്തില്‍ യെമനില്‍ സൈന്യത്തിന്റെ വീഴ്ചയും തുടര്‍ പാളിച്ചകളും തിരിച്ചറിഞ്ഞതിനാല്‍ സമഗ്രമായ അഴിച്ചുപണി നടത്തുകയായിരുന്നുവെന്നാണ് ഒരു വിലയിരുത്തല്‍.

അതേസമയം മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനത്തിന് തൊട്ടുമുന്‍പാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സുപ്രധാന നടപടി സ്വീകരിച്ചതെന്നും ചിലര്‍ ചേര്‍ത്തുവായിക്കുന്നുണ്ട്.

മാര്‍ച്ചില്‍ ലണ്ടന്‍, അമേരിക്ക എന്നിവടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്. യുഎസും ലണ്ടനുമായുള്ള വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമാണ് സൈനിക അഴിച്ചുപണിയെന്നാണ് ഇക്കൂട്ടരുടെ വാദം.

എന്നാല്‍ ഇതുകൊണ്ടൊന്നുമല്ലെന്ന വാദവും ശക്തമാണ്. സൗദി സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണ്. അതിന്റെ തുടര്‍ച്ചയാണ് സൈനിക അഴിച്ചുപണിയെന്നാണ് മറുപക്ഷത്തിന്റെ വാദം.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here