അശ്ലീല ചിത്രങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് കേസ്

പാരീസ് : 2015 ല്‍ മരണപ്പെട്ട സൗദി മുന്‍ വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസലിനെ പരാമര്‍ശിച്ച് ഫ്രാന്‍സില്‍ നിന്ന് ഗുരുതര ആരോപണം. ഇദ്ദേഹം സ്വകാര്യ ആവശ്യത്തിനായി പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ കമ്പനിക്ക് പ്രതിഫലം നല്‍കിയില്ലെന്നുമാണ് ആക്ഷേപം.

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചുനല്‍കിയെന്ന് അവകാശപ്പെട്ട് എസ്എആര്‍എല്‍ അറ്റൈല എന്ന കമ്പനിയാണ് രംഗത്തെത്തിയിരിക്കുന്നത്. ദ ലോക്കല്‍ എന്ന ഫ്രാന്‍സ് മാധ്യമമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫ്രാന്‍സ് സന്ദര്‍ശനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ടെന്നതും ശ്രദ്ധേയമാണ്.

കമ്പനിയുടെ ആരോപണം ഇങ്ങനെ. സൗദ് അല്‍ ഫൈസല്‍ അടിക്കടി ഫ്രാന്‍സ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. പാരീസിലെ എസ്‌സിഐ 25 അവന്യൂ ബുഗോഡ് എന്ന ആഡംബര അപാര്‍ട്ട്‌മെന്റിലാണ് അദ്ദേഹം താമസിക്കാറ്. ഈ സ്ഥാപനത്തിന്റെ പ്രതിനിധികളാണ് തങ്ങളോട് പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്.

2015 വരെ 40 വര്‍ഷത്തോളം തങ്ങള്‍ സൗദ് അല്‍ ഫൈസലിന് അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യത്തിനായി അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്. ഈ വകയില്‍ 90,000 യൂറോ അദ്ദേഹം കടം വരുത്തി. എസ്‌സിഐ 25 അവന്യുവിന്റെ ഇപ്പോഴത്തെ ഉടമകള്‍ അദ്ദേഹത്തിന്റെ മക്കളാണ്.

ഈ തുക അവരോട് ആവശ്യപ്പെട്ടിട്ടും അവര്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. മൊറോക്കോക്കാരിയായ പോണ്‍ സ്റ്റാറുമായി സൗദ് അല്‍ ഫൈസലിന് പരിചയമുണ്ട്. ഇതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും വിഷയത്തില്‍ കമ്പനി കമ്പനി ലോ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും പ്രതിനിധികള്‍ അറിയിച്ചു.

എന്നാല്‍ കൈവശമുള്ള വീഡിയോകള്‍ ഇതുവരെ തെളിവായി സമര്‍പ്പിച്ചിട്ടില്ല. അനിവാര്യമാകുന്ന ഘട്ടത്തില്‍ അവ കോടതിയില്‍ സമര്‍പ്പിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ പ്രതിനിധികളാണ് എസ്എആര്‍എല്ലുമായി ഇമെയില്‍ മുഖേന ആശയവിനിമയം നടത്തിയിരുന്നത്.

വീഡിയോകളില്‍ എന്തെല്ലാം ദൃശ്യങ്ങളാണ് ഉണ്ടാകേണ്ടതെന്നടക്കം നിര്‍ദ്ദേശിച്ചുള്ളതായിരുന്നു ഇമെയിലുകള്‍. പലപ്പോഴും തിരക്കഥകള്‍ അദ്ദേഹത്തിന്റ പ്രതിനിധികള്‍ക്ക് അയച്ചുകൊടുക്കേണ്ടി വന്നിട്ടുണ്ട്. ആരാണെന്ന് വെളിപ്പെടുത്താതെ ‘അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല’ എന്ന് മറുപടി ലഭിക്കുമ്പോള്‍ തിരക്കഥ തിരുത്തേണ്ടി വന്നിട്ടുണ്ട്.

ചിത്രങ്ങള്‍ ആവശ്യപ്പെട്ടത് സൗദ് അല്‍ ഫൈസലിന് വേണ്ടി തന്നെയാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും തെളിവുകളുണ്ടെന്നും കമ്പനി പറയുന്നു.ഇ മെയിലുകള്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. സൗദി രാജകുമാരന്‍ മൊറോക്കോക്കാരിക്ക് പാരീസില്‍ ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റ് നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ തങ്ങള്‍ എസ്എആര്‍എല്‍ കമ്പനിയുടെ ഒരു സേവനവും നാളിതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് എസ്‌സിഐ 25 അവന്യൂ ബുഗോഡ് അധികൃതരുടെ വിശദീകരണം. ലോ സ്യൂട്ട് തങ്ങള്‍ തള്ളുന്നതായും വ്യാജ ആരോപണമാണിതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here