വിപ്ലവകരമായ പൊളിച്ചെഴുത്തിന് സൗദി

റിയാദ് : രാജ്യത്തുള്ളവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ക്ക് സൗദി തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ 236 പേജുള്ള റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കി.

ഇതില്‍ 156 ാം പേജിലാണ് നിര്‍ണ്ണായകമായ ചില പരാമര്‍ശങ്ങളുള്ളത്‌.
പ്രാര്‍ത്ഥനാ സമയത്ത് കടകളും വ്യാപാരകേന്ദ്രങ്ങളും അടച്ചിടേണ്ടതില്ലെന്നതാണ് പുതിയ നിര്‍ദേശമെന്ന് ടൈംസ് ഓഫ് ഇന്ത്യ, എന്‍ഡിടിവി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തേ ബാങ്കുവിളിക്കുമ്പോള്‍ ചില കേന്ദ്രങ്ങളില്‍ കടകള്‍ അടച്ചിടണമെന്ന ഉത്തരവുണ്ടായിരുന്നു.  ഇതില്‍ ഇളവുവരുത്തണമെന്നാണ് പ്രധാന നിര്‍ദ്ദേശം. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടപഴകുന്നതില്‍ വേര്‍തിരിവ് തുടരേണ്ടതില്ലെന്നാണ് മറ്റൊരു നിര്‍ദ്ദേശം. അടിയന്തരമായി വേണ്ട നിയമഭേദഗതികള്‍ എന്ന ഭാഗത്താണ് ഈ നിര്‍ദേശങ്ങളുള്ളത്.

പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക പ്രവേശനങ്ങളും ഇരിപ്പിടങ്ങളുമടക്കം പലതരത്തിലുള്ള വേര്‍തിരിവുകളുണ്ടായിരുന്നു. ഇതില്‍ പൊളിച്ചെഴുത്ത് വേണമെന്നാണ് പരാമര്‍ശം.

പുരുഷന്‍മാര്‍ക്കും  സ്ത്രീകള്‍ക്കും ഇടകലര്‍ന്നിരിക്കാവുന്ന രീതിയിലാണ് സൗദിയില്‍ പുതിയ തിയേറ്ററുകള്‍ രൂപകല്‍പ്പന ചെയ്തത്. കൂടാതെ സ്ത്രീകള്‍ക്ക് കായിക മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്ന കാര്യവും സൗദി ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്.

വിനോദസൗഹൃദ സമൂഹമെന്ന രീതിയിലേക്ക് സൗദിയെ ഉടച്ചുവാര്‍ക്കാനാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരുന്നത്.

ഇതിലൂടെ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നും സ്വദേശികള്‍ വിദേശത്തേക്ക് വിനോദോപാധികള്‍ തേടി പോകുന്നത് തടയാനാകുമെന്നും ഭരണകൂടം കണക്കാക്കുന്നു.

ഇത്തരത്തില്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. കുറച്ചിടെയായി നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് എംബിഎസിന്റെ നേതൃത്തില്‍ സൗദി സാക്ഷാത്കരിച്ച് വരുന്നത്.

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്, സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാം, 25 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗദിയില്‍ തനിച്ച് സന്ദര്‍ശനം നടത്താം തുടങ്ങിയ കാര്യങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

സ്ത്രീ മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. കൂടാതെ 35 വര്‍ഷത്തെ വിലക്ക് നീക്കി തിയേറ്ററുകള്‍ ആരംഭിക്കുകയും അറബ് ഫാഷന്‍ വീക്ക്, റസ്ലിങ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചും സൗദി ശ്രദ്ധയാകര്‍ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here