ഖജനാവിലെത്തിയത് 107 ബില്യണ്‍ ഡോളര്‍

സൗദി അറേബ്യ : രാജകുമാരന്‍മാരും മുന്‍മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരുമടങ്ങുന്ന അഴിമതിക്കാരെ തടവിലാക്കിയതിലൂടെ സൗദി നേടിയത് 107 ബില്യണ്‍ ഡോളര്‍. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് 69,60,88,50,00,000 രൂപ വരും.

കഴിഞ്ഞ നവംബറിലാണ് അഴിമതിക്കാരായ രാജകുടുംബാംഗങ്ങളെയും ഭരണനേതൃത്വത്തിലെ പ്രമുഖരെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടേതായിരുന്നു നടപടി.

റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനിലാണ് ഇവരെ തടങ്കലിലാക്കിയത്. അഴിമതി നടത്തി സമ്പാദിച്ചതിന് തത്തുല്യമായ തുക പിഴയടച്ചാല്‍ മോചിപ്പിക്കാമെന്നായിരുന്നു സര്‍ക്കാര്‍ വെച്ച ഉപാധി.

ഇത്തരത്തിന്‍ വന്‍തുക പിഴയടച്ച് നിരവധി പ്രമുഖരാണ് മോചിതരായത്. തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന രാജകുമാരന്‍മാരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുമായി കുറഞ്ഞത് 100 ബില്യണ്‍ ഡോളര്‍ പിഴയടപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.

എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ 107 ബില്യണ്‍ ഡോളര്‍ ഖജനാവിലേക്ക് സ്വരുക്കൂട്ടിക്കഴിഞ്ഞു. പണമായും വസ്തുവകകളായും നിക്ഷേപങ്ങളായുമെല്ലാമാണ് ഇത്രയും വലിയ തുക ഖജനാവിലേക്ക് ചേര്‍ക്കപ്പെട്ടതെന്നും സൗദി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

200 ഓളം പേരെയാണ് അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. ഇതില്‍ ഭൂരിപക്ഷം പേരും വന്‍തുക പിഴയൊടുക്കി മോചിതരാവുകയായിരുന്നു. എന്നാല്‍ 56 പ്രമുഖര്‍ ഇതുവരെയും സര്‍ക്കാരുമായി ധാരണയിലെത്തിയിട്ടില്ല.

ഇവര്‍ക്കെതിരെ വിചാരണാ നടപടികളുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ നീക്കം. ലോകസമ്പന്നരില്‍ 57 ാമനും രാജകുടുംബാംഗവുമായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മോചിതരായിട്ടുണ്ട്.

എന്നാല്‍ ഏതുതരത്തിലുളള ഉപാധികള്‍ പ്രകാരമാണ് മോചിതനായതെന്ന് അദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിന് 100 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അത്രയും തുക തിരിച്ചുപിടിക്കാനായിരുന്നു അഴിമതി വിരുദ്ധ സമിതിയുടെ ശ്രദ്ധേയനീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here