ഹൂതി മിസൈലുകള്‍ സൗദി തകര്‍ത്തു

റിയാദ് : സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ കേന്ദ്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഹൂതി മിസൈലുകള്‍ സൈന്യം വെടിവെച്ചിട്ടു. തെക്കന്‍ നഗരമായ ജിസാനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സൗദിയുടെ എണ്ണ ഭീമനാണ്‌ അരാംകോ.

അരാംകോ കേന്ദ്രം തകര്‍ത്ത് സൗദിയുടെ സമ്പദ് വ്യവസ്ഥയില്‍ ഉലച്ചിലുണ്ടാക്കുകയായിരുന്നു ഹൂതി വിമതരുടെ ലക്ഷ്യം. യെമനില്‍ നിന്നാണ് ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്.

എന്നാല്‍ സൗദി സൈന്യം ആകാശത്തുവെച്ച് രണ്ട് മിസൈലുകളും തകര്‍ക്കുകയായിരുന്നു. സൗദി അരാംകോ കേന്ദ്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹൂതികള്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള അല്‍ മസിരാ ടിവിയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ബാലിസ്റ്റിക് മിസൈലുകളെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ പതിച്ചിട്ടുണ്ടെങ്കിലും ആളപായമേ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി സൈന്യം അറിയിച്ചു. 4 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരണത്തിനുള്ള കേന്ദ്രമാണ് ജിസാനില്‍  ഒരുങ്ങുന്നത്.

ചെങ്കടലിന് സമീപമാണ് ഇത് പടുത്തുയുര്‍ത്തുന്നത്. 2019 ലാണ് കേന്ദ്രം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാവുക. യെമനില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഹൂതികള്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം യെമനില്‍ ഒരു വിവാഹച്ചടങ്ങിലേക്കുള്ള സൗദിയുടെ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടയില്‍ യെമനില്‍ 10,000 ത്തോളം സാധാരണ പൗരന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

2015 ല്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയതോടെയാണ് സൗദി സഖ്യസേന യെമനില്‍ ഇടപെടല്‍ തുടങ്ങിയതും ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here