സ്ത്രീകള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ല

റിയാദ് : സൗദി സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ അബായ (പര്‍ദ്ദ) ധരിച്ചെത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് രാജ്യത്തെ മുതിര്‍ന്ന മതപണ്ഡിതന്‍. ഉന്നത മതപണ്ഡിത സഭയിലെ പ്രമുനായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്‌ലാഖ് ആണ് ഇക്കാര്യം പ്രസ്താവിച്ചത്. വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ലോകത്തെമ്പാടുമുള്ള മുസ്ലിം വനിതകളില്‍ 90 ശതമാനത്തിലേറെ പേരും പൊതുസ്ഥലത്ത് പര്‍ദ്ദ ധരിച്ചല്ല പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ പിന്നെ സൗദിയില്‍ മാത്രം അവരെ അബായ ധരിക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദിയില്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്നായിരുന്നു ഇതുവരെയുള്ള കര്‍ശനമായ നിയമം.

അതായത് ശരീരം മുഴുവന്‍ മറയുന്ന അയഞ്ഞ രീതിയിലുള്ള അബായ ധരിക്കണമെന്നായിരുന്നു നിബന്ധന. ഈ കര്‍ശന വ്യവസ്ഥയ്ക്കാണ് സൗദി ഇളവ് വരുത്തുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ ലോകത്ത് ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ.

എന്നാല്‍ സാമൂഹ്യ രംഗത്ത് സൗദി നടപ്പാക്കി വരുന്ന ഉദാരനടപടികളുടെയും പരിഷ്‌കരണപ്രക്രിയകളുടെയും ഭാഗമാണ് പുതിയ തീരുമാനം. സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മത്സരം കാണാന്‍ കഴിഞ്ഞ മാസം സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു.

കൂടാതെ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ചില തൊഴില്‍ മേഖലകളില്‍ കൂടി സ്ത്രീകളെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് വസ്ത്രധാരണത്തിലെ ഇളവ്.

LEAVE A REPLY

Please enter your comment!
Please enter your name here