സൗദിയില്‍ ഫിറ്റ്‌നസ് സെന്റര്‍ അടച്ചു പൂട്ടിച്ചു

റിയാദ് :സത്രീകളെ മോശമായ തരത്തില്‍ ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് ഒരു വനിതാ ഫിറ്റ്‌നസ് സെന്റര്‍ സൗദി മന്ത്രാലയം അടച്ചു പൂട്ടിച്ചു. റിയാദില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഫിറ്റ്‌നസ് സെന്റര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദി കായിക മന്ത്രാലയം അടപ്പിച്ചത്. സദാചര വിരുദ്ധമായ വീഡിയോ ചിത്രീകരിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഫിറ്റ്‌നസ് സെന്ററിന്റെ പ്രമോഷന്റെ ഭാഗമായി നിര്‍മ്മിച്ച പരസ്യ വീഡിയോയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഒരു യുവതി തല മറയ്ക്കാതെ ജിമ്മില്‍ ബോക്‌സിംഗ്
പരിശീലനം നടത്തുന്നതായിരുന്നു വീഡിയോവിന്റെ ഉള്ളടക്കം. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരവും ഈ വീഡിയോവിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫിറ്റ്‌നസ് സെന്ററിനെതിരെ നടപടിയുമായി സൗദി കായിക മന്ത്രാലയം രംഗത്തെത്തിയത്.

‘ഞങ്ങള്‍ ഇത് അനുവദിച്ച് കൊടുക്കില്ലെന്ന്’ കായിക മന്ത്രി തുര്‍ക്കി അല്‍ ഷൈക്ക് ട്വിറ്ററില്‍ കുറിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന ഉപദേശകരിലൊരാളാണ് തുര്‍ക്കി അല്‍ ഷൈക്ക്. രാജ്യത്തെ സദാചാര മൂല്യങ്ങള്‍ ആദരിച്ചു കൊണ്ടുള്ള പുരോഗമനങ്ങള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് സൗദി മാധ്യമ ഉപദേഷ്ടാവ് സൗദ് അല്‍ ഖഹ്താനി വ്യക്തമാക്കി.

അടുത്തിടെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പില്‍ വരുത്തിയത്. വനിതകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതി നല്‍കിയതായിരുന്നു ഏറ്റവും ശ്രദ്ധേയമായ നടപടി. ഇതിന് പുറമെ വനിതകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്,കൂടാതെ വിവിധ വകുപ്പുകളില്‍ നിയമനം, സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം, അറബ് ഫാഷന്‍ വീക്ക് എന്നിവയുള്‍പ്പെടെ വിപ്ലവകരമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

നിര്‍ബന്ധിത കായിക പരിശീലനം നല്‍കി രാജ്യത്തെ യുവതികളെ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് സജ്ജരാക്കുന്നതിലും സൗദി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here