റിയാദില്‍ അത്യാധുനിക സൈറന്‍ സംവിധാനം

റിയാദ് : യെമനില്‍ നിന്നുള്ള ഹൂതി ആക്രമണം റിയാദിന് നേര്‍ക്കുമുണ്ടായതോടെ നേരിടാന്‍ അത്യാധുനിക സൈറന്‍ സംവിധാനം അവതരിപ്പിച്ച് സൗദി അറേബ്യ. പുതിയ സൈറന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ സുലൈമാന്‍ അലംറോ നിര്‍വഹിച്ചു.

റിയാദിനെ ലക്ഷ്യമാക്കി കഴിഞ്ഞദിവസം യെമന്‍ 3 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തിരുന്നു. ഇത് വഴിമധ്യേ റിയാദിന് മുകളില്‍ ആകാശത്തുവെച്ച് സൗദി തകര്‍ത്തു. ജനവാസ കേന്ദ്രങ്ങളും തലസ്ഥാനത്തെ സാമ്പത്തിക മേഖലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഈ നീക്കം പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സൈറന്‍ സിസ്റ്റം സൗദി ആരംഭിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനത്തെ ജാഗരൂഗരാക്കാനാണ് ഈ സംവിധാനം. കൂടാതെ ഏതുതരം വെല്ലുവിളികളുണ്ടായാലും മുന്നറിയിപ്പ് നല്‍കാനാണിത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് സുലൈമാന്‍ അലംറോ വ്യക്തമാക്കി. ജനങ്ങള്‍ക്കും സൈന്യത്തിനും പുതിയ സൈറന്‍ സംവിധാനം ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെമനില്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇതുവരെ പതിനായിരത്തിലേറെ സാധാരണക്കാര്‍ യെമനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1600 സ്‌കൂളുകള്‍ തകര്‍പ്പെട്ടവയില്‍പ്പെടും.സാധാരണക്കാരെ പരിചയാക്കിയാണ് ഹൂതി വിമതരുടെ പോരാട്ടമെന്ന് സൗദി അരോപിക്കുന്നു.

എന്നാല്‍ നിഷ്‌കളങ്കര്‍ക്കുനേരെയാണ് സൗദി ആക്രമണമെന്ന് ഹൂതി വിമതരും ആക്ഷേപിക്കുന്നു. 2015 ല്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയതോടെയാണ് സൗദി സഖ്യസേന യെമനില്‍ ഇടപെടല്‍ തുടങ്ങിയതും ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here