മലയാളികളെ പ്രതിസന്ധിയിലാക്കി സൗദി അറേബ്യയില്‍ ഈ മേഖലയില്‍ കൂടി നിതാഖാത് നടപ്പാക്കുന്നു

സൗദി അറേബ്യ : മൊബൈല്‍ ഷോപ്പുകള്‍ക്കും ജ്വല്ലറികള്‍ക്കും പിന്നാലെ വാടക കാര്‍ മേഖലയിലും സൗദി അറേബ്യ നിതാഖാത് നടപ്പാക്കുന്നു. മാര്‍ച്ച് 18 മുതലാണ് സ്വദേശി വല്‍ക്കരണം പ്രാബല്യത്തിലാകുന്നത്.അന്നേ ദിവസം മുതല്‍ ഈ മേഖലയില്‍ വിദേശ ജീവനക്കാര്‍ ഉണ്ടാകരുതെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് നടപ്പാകുന്നതോടെ ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും.മന്ത്രാലയം ഇതുസംബന്ധിച്ച് തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിതാഖാത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.രാജ്യമാകെ ഇതുവരെ ആറായിരത്തോളം പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്.നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വാടക കാര്‍ മേഖലയില്‍ ഉടമകള്‍ ഏറിയ പങ്കും സ്വദേശികളാണ്. എന്നാല്‍ സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുന്ന മലയാളികളടക്കമുള്ള വിദേശികളുമുണ്ട്. ജോലിക്കാരിലേറെയും പ്രവാസ ജീവിതം നയിക്കുന്നവരാണ്. ഇവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ജ്വല്ലറി മേഖലയില്‍ നിതാഖാത് നടപ്പാക്കിയതോടെ 35,000 ലേറെ വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടായത്. സൗദിയിലെ ഖാസിം, ബഹാ, നജ്‌റാന്‍, അസിര്‍, ജസാന്‍, തബൂക്ക്, വടക്കന്‍ അതിര്‍ത്തി എന്നീ 7 മേഖലകളിലെ ജ്വല്ലറികളില്‍ സ്വദേശി വത്കരണം നടപ്പാക്കിയപ്പോഴാണ് ഇത്രയും അധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. വൈകാതെ മറ്റ് മേഖലകളിലെ ജ്വല്ലറികളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here