റിയാദ് : വിദേശികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സൗദി അറേബ്യയില്‍ എട്ട് മേഖലകളില്‍ കൂടി ഉടന്‍ സ്വദേശി വത്കരണം നടപ്പാക്കുന്നു. മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളുടെ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഏപ്രില്‍ 17 മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തിലാക്കും.
കൂടാതെ തപാല്‍ സേവനം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ജൂണ്‍ 15 നകവും നിതാഖാത് നടപ്പാക്കും. സ്വകാര്യ സ്കൂളുകളിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മുഴുവന്‍ തസ്തികകളും ഓഗസ്റ്റ് 29 ഓടെ സ്വദേശിവത്കരണം യാഥാര്‍ത്ഥ്യമാക്കും. ഷോപ്പിങ് മാളുകളില്‍ സെപ്റ്റംബറിലാണ് നിതാഖാത് നടപ്പാക്കുക.
തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അല്‍ ഗഫീസ് ആണ് ഇതുസംബന്ധിച്ച് അനുമതി നല്‍കിയത്. നേരത്തേ പ്രഖ്യാപിച്ച 12 മേഖലകള്‍ക്ക് പുറമെയാണ് പുതിയ 8 മേഖലകളില്‍ കൂടി സ്വദേശിവത്കരണം പൂര്‍ത്തിയാക്കുന്നത്.
2019 ജനുവരിയോടെ റെഡിമെയ്ഡ് വസ്ത്രക്കടകള്‍, ഇലക്ട്രോണിക്സ് ഷോറൂമുകള്‍,
കണ്ണടവില്പ്പന ശാലകള്‍, ഇലക്ട്രോണിക്സ് കടകള്‍ തുടങ്ങി 12 മേഖലകളിലാണ് സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാവുന്നത്. അതേസമയം മാര്‍ച്ച് 19 മുതല്‍ റെന്റ് എ കാര്‍ മേഖലയില്‍ സ്വദേശിവത്കരണം പ്രാബല്യത്തിലായി.