ഏപ്രില്‍ മുതല്‍ സൗദി ടൂറിസ്റ്റ് വിസയനുവദിക്കും

റിയാദ് : ഏപ്രില്‍ മുതല്‍ സൗദി അറേബ്യ ഔദ്യോഗിക ടൂറിസ്റ്റ് വിസയനുവദിക്കും. ഏപ്രില്‍ ഒന്ന് മുതലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൂറിസം രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് നടപടി.

ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും വ്യക്തിഗത സന്ദര്‍ശനങ്ങള്‍ക്കും സൗദി നിലവില്‍ വിസയനുവദിക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വിനോദ സഞ്ചാരത്തിന് മാത്രമായി പ്രത്യേക അംഗീകൃത വിസയനുവദിക്കുന്നത്.

ടൂറിസ്റ്റ് വിസ ലഭ്യമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് സൗദിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും. ചരിത്രപ്രധാനമായ നിരവധി കേന്ദ്രങ്ങളില്‍ വിദേശികളെ പ്രവേശിപ്പിക്കും.

എന്നാല്‍ കുറഞ്ഞത് നാലുപേരെങ്കിലും ഒരുമിച്ചുണ്ടാകണമെന്നതടക്കമുള്ള വ്യവസ്ഥകളുണ്ട്. കൂടാതെ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് വകുപ്പ് വിസ സാക്ഷ്യപ്പെടുത്തുകയും വേണം.

അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍ മുഖേനയാകണം വിസയ്ക്കായി അപേക്ഷിക്കേണ്ടത്. വിനോദസഞ്ചാരികള്‍ക്ക് എളുപ്പം വിസ ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതുവരെ ആഭ്യന്തര ടൂറിസത്തിനാണ് സൗദി ഊന്നല്‍ നല്‍കിയിരുന്നത്.

സ്വദേശികള്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ സൗദി സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടപ്പാക്കി വരുന്ന ശ്രദ്ധേയ പരിഷ്‌കരണങ്ങളുടെ തുടര്‍ച്ചയായാണ് ടൂറിസം രംഗത്തും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നത്.

ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തെ ചരിത്ര സ്ഥലങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here