പലനിറങ്ങളിലുള്ള അബായകള്‍ ട്രെന്‍ഡ്‌

റിയാദ് : പല നിറങ്ങളിലും ഡിസൈനുകളിലുമുള്ള അബായകള്‍ക്ക് സൗദി അറേബ്യയില്‍ പ്രിയമേറുന്നു. നേരത്തെ കറുത്ത അബായകള്‍ക്കാണ് സൗദിയില്‍ ഏറെ പ്രചാരമുണ്ടായിരുന്നത്. പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സൗദി സ്ത്രീകള്‍ കറുത്ത അബായകള്‍ ധരിച്ചാണ് എത്തിയിരുന്നത്.

മതപരമായ കല്‍പ്പനകള്‍ പ്രകാരമായിരുന്നു ഇത്. എന്നാല്‍ സ്ത്രീകള്‍ പൊതുവിടങ്ങളിലെത്തുമ്പോള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന പ്രഖ്യാപനത്തോടെ, വനിതാ സമൂഹം പല നിറങ്ങളിലും ഡിസൈനുകളിലുമുള്ളവ തിരഞ്ഞെടുക്കുകയാണ്.

വനിതകളുടെ വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മതപണ്ഡിതരുമാണ് പ്രഖ്യാപനം നടത്തിയത്. പൊതുവിടങ്ങളില്‍ അബായകള്‍ നിര്‍ബന്ധമില്ലെന്നും മാന്യമായ ഏതുവസ്ത്രവും ധരിക്കാമെന്നുമായിരുന്നു ഭരണ നേതൃത്വവും മതനേതാക്കളും വ്യക്തമാക്കിയത്.

ഇതോടെ സൗദി വനിതകള്‍ക്കിടയില്‍ സ്പോര്‍ട്സ് അബായ ഗൗണുകള്‍ക്കും പ്രിയമേറി. ജിദ്ദ നഗരത്തിലൂടെ സൗദി വനിത അത്‌ലറ്റുകള്‍ പ്രസ്തുത വേഷമണിഞ്ഞ് ഓടുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വേഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ അരങ്ങേറുകയും ചെയ്തു.

മതപരമായ നിഷ്ഠകളുടെ ലംഘനമാണിതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മാറുന്ന സൗദിയുടെ പുരോഗമന മുഖമായും ചിലര്‍ ഇതിനെ വിലയിരുത്തി. വിവിധ നിറങ്ങളിലുള്ള സ്പോര്‍ട്സ് അബായകള്‍ വിപണിയിലുണ്ട്.

ഇവയ്ക്ക് ഇപ്പോള്‍ നിറയെ ആവശ്യക്കാറുണ്ടെന്ന് എമാന്‍ ജൊഹാര്‍ജിയെ പോലുള്ള പ്രമുഖ ഡിസൈനര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.ശരീരം മുഴുവന്‍ മൂടിനില്‍ക്കുന്ന വസ്ത്രമെന്നതും ഇതിന്റെ ആകര്‍ഷണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here