സൗദി സ്ത്രീകള്‍ ഒടുവില്‍ ഈ രംഗത്തും

റിയാദ് : സൗദി സ്ത്രീകള്‍ ഹോസ്പിറ്റാലിറ്റി രംഗത്തും ജോലിയില്‍ പ്രവേശിച്ചു. 41 വനിതകളാണ് മക്കയിലെ വിവിധ ഹോട്ടലുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വീകരണം, പാചകം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് വനിതകള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും സഞ്ചാരികളുമായവരോട് ഇടപഴകുമ്പോള്‍ പലവിധ സംസ്‌കാരങ്ങളെ അടുത്തറിയാന്‍ സാധിക്കുന്നതായി നിയമനം ലഭിച്ചവര്‍ വ്യക്തമാക്കി. ആഹ്ലാദകരമാണ് ഈ അനുഭവമെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സൗദി ശ്രദ്ധേയമായ പരിഷ്‌കാരങ്ങളാണ് ഇക്കഴിഞ്ഞ നാളുകളിലായി നടപ്പാക്കി വരുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സൗദി മുന്‍ നിയമങ്ങളിലും നിലപാടുകളിലും സമഗ്രമായ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

സ്ത്രീകള്‍ക്ക് മാന്യമായ ഏതുതരം ഇഷ്ടവസ്ത്രവും ധരിക്കാമെന്ന് അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അബായകളും ശിരോവസ്ത്രവും നിര്‍ബന്ധമില്ലെന്ന് അദ്ദേഹം അറിയിച്ചു.

കൂടാതെ സ്ത്രീകള്‍ക്ക് സൈനിക പ്രവേശനം, ടൂറിസ്റ്റ് ഗൈഡുകളായി നിയമനം, ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, വിവിധ വകുപ്പുകളില്‍ നിയമനം, പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാനുള്ള അവകാശം എന്നിവ സൗദി ഭരണകൂടം ഇക്കഴിഞ്ഞ നാളുകളിലായി വനിതാ സമൂഹത്തിന് കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്.

കൂടാതെ പതിറ്റാണ്ടുകള്‍ നീണ്ട നിരോധനം നീക്കി തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായി സൗദി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ സൗദിയിലെ ആദ്യ ഡിജെ പാര്‍ട്ടി ജൂണ്‍ 17 ന് കിങ് അബ്ദുള്ള ഇക്കണോമിക്ക് സിറ്റിയില്‍ അരങ്ങേറുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here