നിതാഖാത്തില്‍ തിരിച്ചടി നേരിട്ട് സൗദി

റിയാദ് : നിരവധി മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിച്ചതോടെ പല രംഗങ്ങളിലും കനത്ത തിരിച്ചടി നേരിടുകയാണ് സൗദി അറേബ്യ. റിയല്‍ എസ്റ്റേറ്റ് മേഖലയാണ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.

നിതാഖാതിനെ തുടര്‍ന്ന് അനുദിനം നിരവധി വിദേശികളാണ് രാജ്യം വിടുന്നത്. ഇതോടെ താമസ സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതേതുടര്‍ന്ന് കെട്ടിട വാടക 40 ശതമാനം വരെ കുറഞ്ഞു.

നേരത്തേ പ്രഖ്യാപിച്ച 12 മേഖലകള്‍ക്ക് പുറമെ 8 രംഗങ്ങളില്‍ കൂടി സ്വദേശി വത്കരണം നടപ്പാവുകയാണ്. ഇതോടെ ആയിരക്കണക്കിന് വിദേശികള്‍ രാജ്യം വിടും. അപ്പോള്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

അങ്ങനെ വരുമ്പോള്‍ കെട്ടിട വാടക ഇനിയുമേറെ കൂപ്പുകുത്തുന്ന സ്ഥിതിയുണ്ടാകും. ജദ്വ ഇന്‍വെസ്റ്റ്മെന്റ് കമ്പനി അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ജ്വല്ലറി മേഖലയാണ് സ്വദേശിവത്കരണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മറ്റൊരു വ്യവസായ രംഗം. സ്വര്‍ണ്ണവില്‍പ്പനശാലകളില്‍ നൂറുശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതോടെ പലയിടത്തും തൊഴിലാളി ക്ഷാമം നേരിടുകയാണ്. ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരുടെ അഭാവമാണ് പ്രധാന പ്രശ്‌നം.

പ്രാഗല്‍ഭ്യമുള്ള തൊഴിലാളികളെ ലഭിക്കാത്തതുമൂലം പല സ്വര്‍ണ്ണക്കടകളും അടച്ചിടേണ്ട സ്ഥിതിയായിരിക്കുകയാണ്. കൂടാതെ താഴ്ന്ന നിലയിലുള്ള തൊഴില്‍രംഗമായി സൗദി പൗരന്‍മാര്‍ ഇതിനെ വിലയിരുത്തുകയാണ്.

അതിനാല്‍ സൗദി പൗരന്‍മാര്‍ ഈ രംഗത്തേക്ക്‌ ചുവടുവെയ്ക്കാന്‍ മടി കാണിക്കുന്നു. നിയമനം ലഭിച്ച സൗദി പൗരന്‍മാരാണെങ്കില്‍ മുഴുനീള ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയാണ്.

ഒട്ടും പ്രവൃത്തി പരിചയമില്ലാതെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഉയര്‍ന്ന ശമ്പളം ആവശ്യപ്പെടുന്നതും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. സ്വദേശിവത്കരണം ഈ മേഖലയെ അടിമുടി തകര്‍ക്കുകയാണെന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here