20 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞ് വാഹനപകടത്തില്‍ മരണപ്പെട്ടു

ഇന്‍ഡോര്‍ :20 വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ചികിത്സകള്‍ക്കും ശേഷം ലഭിച്ച കുഞ്ഞ് അപ്രതീക്ഷിതമായി തങ്ങളെ വിട്ട് പിരിഞ്ഞതില്‍ മനം നൊന്ത് കഴിയുകയാണ് എട്ട് വയസ്സുകാരി ശ്രുതിയുടെ മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു സ്‌കൂള്‍ ബസ് എതിരെ വന്ന ട്രക്കിലിടിച്ച് ഉണ്ടായ വാഹനാപകടത്തിലാണ് ശ്രുതിയുടെ ജീവന്‍ നഷ്ടമാകുന്നത്.ബസ്സിന്റെ സ്റ്റിയറിംഗിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്. സ്റ്റിയറിംഗ് തകരാര്‍ കാരണം ഗതി നഷ്ടപ്പെട്ട വാഹനം ആദ്യം ഡിവൈഡറിലേക്ക് ഇടിച്ച് കയറി എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ശ്രുതിയടക്കം നാല് കുട്ടികളും ബസ് ഡ്രൈവറും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കനത്ത ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്.ഇന്‍ഡോറിലെ ഡല്‍ഹി പബ്ലിക്ക് സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രുതി. വാഹനത്തിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹം കഴിഞ്ഞ് 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മാതാപിതാക്കള്‍ക്ക് ശ്രുതിയെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ശവസംസ്‌ക്കാര വേളയില്‍ ശ്രുതിയുടെ വീട് സാക്ഷ്യം വഹിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here