അധ്യാപികയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

സൂറത്ത് :അധ്യാപികയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിനടുത്ത് കപോദ്ര എന്ന് സ്ഥലത്താണ് അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലാവുന്നത്. കപോദ്രയിലെ ശ്രീ നചികേത വിദ്യാലയത്തിലെ പ്രിന്‍സിപ്പാളായ ധന്‍സുഖ് കരംസിങ്ങാണ് അറസ്റ്റിലായത്.22 വയസ്സുകാരിയായ അധ്യാപികയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. പ്രിന്‍സിപ്പാളിന്റെ ഓഫീസ് മുറിയില്‍ വെച്ചായിരുന്നു പീഡന ശ്രമം. അധ്യാപിക കഴിഞ്ഞ ഒന്നരവര്‍ഷമായി ഈ സ്‌കൂളില്‍ ജോലി ചെയ്തു വരികയാണ്. അവധിയെടുക്കാനുള്ള അനുവാദം വാങ്ങുവാനായി ചെന്ന തന്നെ പ്രിന്‍സിപ്പാള്‍ മോശമായ രീതിയില്‍ കയ്യില്‍ കയറി പിടിച്ചതായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി ആരോപിക്കുന്നു.തുടര്‍ന്ന് ഒരു വിധം യുവതി മുറിയില്‍ നിന്നും രക്ഷപ്പെട്ടു പുറത്തേക്കോടി. വീട്ടിലെത്തിയതിന് ശേഷം യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ മാതാപിതാക്കളാണ് അധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. പിറ്റേ ദിവസം യുവതി മാതാപിതാക്കളോടൊപ്പം പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളോടും പലപ്പോഴും പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി യുവതി പരാതിയില്‍ പറയുന്നു.അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയുടെ ആരോപണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളും നാട്ടുകാരും തടിച്ച് കൂടിയതോടെ വിദ്യാലയത്തിന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here