വെല്ലൂര്‍: സ്കൂള്‍ കുട്ടികളെ ഇറക്കി മുന്നോട്ടെടുത്ത വാനിനടിയില്‍പ്പെട്ട് നാല് വയസുകാരന് മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം. വീടിനടുത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.
ഈ സമയത്താണ് സ്കൂള്‍ വാന്‍ വന്ന് റോഡില്‍ നിര്‍ത്തിയത്. കുട്ടികള്‍ ഇറങ്ങിയതിന് ശേഷം വണ്ടി മുന്നോട്ടെടുത്തു. എന്നാല്‍ പെട്ടെന്നാണ് നാല് വയസുകാരന് വാനിന് മുന്‍വശത്തേക്ക് ഓടിയെത്തിയത്.
ഇതറിയാതെ മുന്പോട്ട് നീങ്ങിയ വണ്ടിക്ക് അടിയില്‍ പെടുകയായിരുന്നു കുട്ടി. വാനിന്റെ ഇടത് ടയര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്കൂള്‍ വാഹനങ്ങളുടെ ചുമതലയുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.